ട്രെയിന്‍ ഇനി പരസ്യമയം, റെയില്‍വെക്ക് പുതിയ വരുമാനനയം

വലിയ വരുമാന വര്‍ധന ലക്ഷ്യമിടുന്ന റയില്‍വേയുടെ പുതിയ പദ്ധതി അവതരിപ്പിച്ചു. ടിക്കറ്റ് ഇതര മാര്‍ഗ്ഗങ്ങളിലൂടെ- നോണ്‍ ഫെയര്‍ റവന്യൂ (എന്‍.എഫ്.ആര്‍)- പ്രതിവര്‍ഷം 2,000 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ യാത്രാ-ചരക്ക് നിരക്കിന് പുറമേ നിന്ന് 16,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് റെയില്‍വെ മന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്

ട്രെയിനുകള്‍, ലവല്‍ക്രോസുകള്‍, ട്രെയിന്‍ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ദീര്‍ഘ കാലത്തേയ്ക്ക് പരസ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കമ്ബനികള്‍ക്ക് വിട്ടുനല്‍കി വരുമാനം നേടുകയാണ് റെയില്‍വേയുടെ പുതിയ നയം.
ഇതിനായി ട്രെയിന്‍ ബ്രാന്‍ഡിങ് അടക്കം നിരവധി പദ്ധതികളാണ് റെയില്‍വേ ആവിഷ്കരിച്ചിരിക്കുന്നത്.

ഒരു ട്രെയിന്‍ മുഴുവനായി ഏതെങ്കിലും കമ്ബനിയ്ക്ക് വിട്ടുനല്‍കുകയാണ് ട്രെയിന്‍ ബ്രാന്‍ഡിങ്. ഈ ട്രെയിനില്‍ എവിടെയും ഏതുതരത്തില്‍ പരസ്യത്തിനായി ഉപയോഗിക്കാനും കമ്ബനിയ്ക്ക് സാധിക്കും. ട്രെയിന്‍ ബോഗികളുടെ പുറത്തുള്ള പരസ്യങ്ങള്‍ക്കും എസി കോച്ചുകളുടെയടക്കം ഉള്ളിലുള്ള പരസ്യങ്ങള്‍ക്കും അനുമതിയുണ്ടാകും.

പ്ലാറ്റ്ഫോമുകളില്‍ എടിഎം സ്ഥാപിക്കാനും എഫ്‌എം റേഡിയോകള്‍ക്കും അനുമതി നല്‍കും. യാത്രക്കാര്‍ ആവശ്യപ്പെടുന്നതനുസരിച്ച്‌ സേവനങ്ങള്‍ നല്‍കുന്ന വിധത്തിലായിരിക്കും എഫ്‌എം റേഡിയോ പ്രവര്‍ത്തിക്കുക. കൂടാതെ കമ്ബനികള്‍ക്ക് ഉല്‍പന്നങ്ങളുടെ സാമ്ബിളുകള്‍ യാത്രക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാനും അനുമതി നല്‍കും. ആള്‍ത്തിരക്ക് കുറഞ്ഞ റെയില്‍വേ സ്റ്റേഷനുകള്‍ വാടക അടിസ്ഥാനത്തില്‍ പരിപാടികള്‍ക്ക് വിട്ടുനല്‍കാനും പദ്ധതിയുണ്ട്.

ദീര്‍ഘകാലത്തേയ്ക്കുള്ള കരാറുകളിലാണ് അനുമതി നല്‍കുക. വലിയ കമ്ബനികളാകും ഇത്തരത്തില്‍ പരസ്യങ്ങള്‍ക്കായി കരാറില്‍ ഏര്‍പ്പെടുക. അതുകൊണ്ടുതന്നെ വലിയ വരുമാനം ഒറ്റയടിക്ക് നേടാന്‍ റെയില്‍വേയ്ക്ക് സാധിക്കും. പുതിയ വരുമാന മാര്‍ഗ്ഗമെന്ന നിലയില്‍ ഇത് റെയില്‍വേ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തും.

പുതിയ പദ്ധതിയ്ക്കായി റെയില്‍വേയില്‍ പ്രത്യേക വിഭാഗം രൂപീകരിക്കും. അടുത്ത ഏപ്രില്‍ മുതല്‍ പദ്ധതിയില്‍നിന്നുള്ള വരുമാനം റെയില്‍വേയ്ക്ക് ലഭിച്ചുതുടങ്ങും. ടിക്കറ്റ് ഇതര വരുമാനത്തില്‍ 41 ശതമാനത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *