ധോണിയിലിറങ്ങിയ പിടി 7നെ മയക്കുവെടി വച്ചു

ആശങ്കകൾക്ക് വിരാമം. ധോണി ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയ പിടി 7നെ മയക്കുവെടിവച്ചു. ഡോ.അരുൺ സക്കറിയ , ബയോളജിസ്റ്റുകളായ ജിഷ്ണു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വച്ചത്. ഇന്ന് രാവിലെ 7.10നാണ് പിടി സെവനെ മയക്കുവെടി വച്ചത്.

മുണ്ടൂരിലെ അനുയോജ്യമായ സ്ഥലത്ത് പിടിസെവനെ കണ്ടെത്തിയ വിവരം ആദ്യ സംഘം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ഉൾവനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വച്ചത്. മയക്കുവെടി വച്ചതിന് പിന്നാലെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ഇപ്പോൾ കാട്ടിൽ പ്രവേശിച്ചിട്ടുണ്ട്.ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയമാണെന്നും ഇനി ആനയെ കൂട്ടിലാക്കാനുള്ള ശ്രമം തുടങ്ങിയതായും വനംവകുപ്പ് സ്ഥിരീകരിച്ചു.

വെടിയേറ്റ ആനക്ക് മയക്കമുണ്ടാകാൻ 30 മിനിറ്റ് സമയം വേണം. ആവശ്യമെങ്കിൽ മയക്കം തുടരാൻ ബൂസ്റ്റർ ഡോസും നൽകും. ഉൾക്കാട്ടിനും ജനവാസ മേഖലയ്ക്കും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് ആനയെ വെടിവെച്ചതെന്നാണ് വിവരം. മൂന്ന് കുങ്കിയാനയെയും പിടി സെവനെ പിടിക്കാൻ കാട്ടിലേക്കയച്ചിരുന്നു. വിക്രം, ഭാരത്, സുരേന്ദ്രൻ എന്നീ മൂന്ന് കുങ്കിയാനകളായാണ് പി ടി സെവനെ മെരുക്കാൻ കാട്ടിലുണ്ടായിരുന്നത്.

മയക്കുവെടിവെച്ച ആനയെ കൊണ്ടുവരാനുള്ള ലോറിയും ജെസിബിയും ധോണിയിലെ ക്യാമ്പിൽ നിന്നും വനത്തിലേക്ക് എത്തിച്ചു. മാസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാൻ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. നിലവിൽ കറുത്ത തുണിയുപയോഗിച്ച് കണ്ണ് ഭാഗം മറച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റാൻ ശ്രമിക്കുന്നത്. കാലുകൾ വടം ഉപയോഗിച്ച് കെട്ടിവെച്ചിരിക്കുന്ന നിലയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *