കെ. എസ്. ആര്.ടി.സി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പായി ജൂലൈ മാസത്തെ പകുതി ശമ്പളം നല്കാന് ആലോചന. സര്‍ക്കാര്‍ അനുവദിച്ച 50 കോടി ഇന്ന് ലഭിച്ചാല്‍ തിങ്കളാഴ്ച മുതല്‍ ശമ്പളവിതരണം തുടങ്ങാനാണ് ശ്രമം. എന്നാല്‍ പകരമായി കൂപ്പണ്‍ വേണ്ടെന്ന നിലപാടാണ് പ്രതിപക്ഷ യൂണിയനുകള്‍ക്ക്.
ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളമാണ് കെ. എസ്. ആര്.ടി.സി ജീവനക്കാര്‍ക്ക് ലഭിക്കാനുള്ളത്. ഇത് പൂര്‍ണമായി നല്കാന് 160 കോടി രൂപ വേണം. ഇതിനായാണ് 103 കോടി രൂപ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതും. എന്നാല്‍ 50 കോടിയാണ് സര്‍ക്കാര്‍ ഇന്നലെ അനുവദിച്ചത്.
ധനവകുപ്പ് അനുവദിച്ച പണം ഇന്ന് കെ. എസ്. ആര്.ടി. സി യുടെ അക്കൗണ്ടിലെത്തിയാല്‍ തിങ്കളാഴ്ചയോടെ ശമ്പളം നല്‍കാനാവും.
ഇതിന് പുറമെ ഓണം അഡ്വാന്‍സിനായി 75 കോടി രൂപയുടെ മറ്റൊരു ഓവര്‍ ഡ്രാഫ്റ്റിന് എസ് ബി ഐയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അത് ലഭിച്ചാല്‍ ഓണം അഡ്വാന്‍സും ലഭിച്ചേക്കും. എന്നാല്‍ ഓണം ബോണസുണ്ടാവില്ല.