പി കെ കുഞ്ഞനന്തൻ അന്തരിച്ചു

സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തൻ അന്തരിച്ചു. 70 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട കുഞ്ഞനന്തന് ഇക്കഴിഞ്ഞ മാർച്ചിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുഞ്ഞനന്തന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് വിദഗ്ധ ചികിത്സയ്ക്കായായിരുന്നു ജീവപര്യന്തം തടവ് ശിക്ഷ മൂന്ന് മാസം മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. 2014 ജനുവരിയിലാണ് ടിപി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസിൽ കുഞ്ഞനന്തനെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

പരേതരായ കേളോത്താന്റവിടെ കണ്ണന്‍ നായരുടെയും, കുഞ്ഞിക്കാട്ടില്‍ കുഞ്ഞാ നമ്മയുടെയും മകനാണ്. കണ്ണങ്കോട് യു.പി.പി സ്‌കൂളിലെ പഠനത്തിന് ശേഷം അമ്മാവന്‍ ഗോപാലന്‍ മാസ്റ്ററുടെ പാത പിന്തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി. ഇടയ്ക്ക് ബെംഗളുരുവിലേക്ക് പോയെങ്കിലും 1975 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് നാട്ടിലെത്തി. പാര്‍ട്ടി നിര്‍ദേശ പ്രകാരം അടിയന്തരാവസ്ഥയ്ക്കെതിരെ പാറാട് ടൗണില്‍ പ്രകടനത്തിന് നേതൃത്വം നല്‍കിയതിന് കേസില്‍ പ്രതിയായി. 15 വര്‍ഷത്തോളം കുന്നോത്തുപറമ്പ് ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ല കമ്മിററിയംഗമായും പ്രവര്‍ത്തിച്ചു.1980 മുതല്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം.
ശാന്ത (മുന്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തംഗം) യാണ് ഭാര്യ. മക്കള്‍: ശബ്ന (അധ്യാപിക, ടി.പി. ജി.എം.യു.പി.സ്‌കൂള്‍,കണ്ണങ്കോട്), ഷിറില്‍ (ദുബായ്). മരുമക്കള്‍: മനോഹരന്‍ (ഫ്രിലാന്റ് ട്രാവല്‍ എജന്റ്),നവ്യ (അധ്യാപിക,പാറേമ്മല്‍ യു.പി.സ്‌കൂള്‍).

Spread the love

Leave a Reply

Your email address will not be published. Required fields are marked *