പിന്തുണയുമായി ലാലുവും കോണ്‍ഗ്രസും ; നിതീഷ് അധികാരം നിലനിര്‍ത്തുമെന്ന് സൂചനകള്‍

Lalu_Prasad_Nitish_Kumar_smiling_360 (1)

പട്‌ന: ബിഹാറില്‍ നിതീഷ് കുമാറിനു പിന്തുണയുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. കോണ്‍ഗ്രസും നിതീഷിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇവരുടെ പിന്തുണയോടെ നിതീഷ് അധികാരം നിലനിര്‍ത്തിയേക്കുമെന്നാണ് സൂചനകള്‍. ലോക് സഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡ് കനത്ത പരാജയം നേരിട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം നിതീഷ്‌കുമാര്‍ രാജിവച്ചിരുന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷം ബാക്കിയുള്ളപ്പോഴായിരുന്നു രാജി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ധാര്‍മികത ഉണ്ടെന്നും അത് നിറവേറ്റുകയാണെന്നും നിതീഷ് പറഞ്ഞു.

ബിഹാറിലെ 40 മണ്ഡലങ്ങളില്‍ ജെഡിയുവിന് രണ്ടു സീറ്റുമാത്രമാണ് ലഭിച്ചത്. ബിജെപി 22ഉം സഖ്യകക്ഷികളായ ലോക്ജനശക്തി പാര്‍ടി ആറും രാഷ്ട്രീയ ലോക് സമതാ പാര്‍ടി മൂന്ന് സീറ്റും നേടി. ബദല്‍ സര്‍ക്കാരിന് ഈ അസംബ്ലിയില്‍ത്തന്നെ സാധ്യതയുണ്ടെന്നും ബാക്കികാര്യങ്ങള്‍ ഗവര്‍ണര്‍ തീരുമാനിക്കുമെന്നും നിതീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡിയെ യര്‍ത്തിക്കാണിക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷമാണ് ജെഡിയു ബിഹാറില്‍ 17 വര്‍ഷം നീണ്ട ബിജെപി ബന്ധം ഉപേക്ഷിച്ചത്. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 125 അംഗങ്ങളുടെ പിന്തുണയാണ് നിതീഷ് കുമാര്‍ സര്‍ക്കാരിനുണ്ടായിരുന്നത്. നാല് കോണ്‍ഗ്രസ്എംഎല്‍എമാരുടെയും നാലു സ്വതന്ത്രരുടെയും ഒരു സിപിഐ അംഗത്തിന്റെയും സഹായത്തോടെയാണ് നിതീഷ് വിശ്വാസവോട്ട് നേടിയത്. കേവല ഭൂരിപക്ഷത്തിന് 122 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.
അച്ചടക്കം ലംഘിച്ചതിന് അഞ്ച് എംഎല്‍എമാരെ നിതീഷ് ഈയിടെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലായി. സ്വന്തം പാര്‍ടിക്കുള്ളിലെ നിരവധി എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കെതിരെ പടയൊരുക്കം
തുടങ്ങുകയുംചെയ്തു. അതേസമയം, ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച നടപടി തെറ്റായിരുന്നോയെന്ന ചോദ്യത്തിന് ആ തീരുമാനം പൂര്‍ണമായും ശരിയായിരുന്നെന്നും
ഖേദമില്ലെന്നും നിതീഷ് പ്രതികരിച്ചു.

മോഡിയെ അപമാനിച്ചവര്‍ക്കുള്ള മറുപടിയാണിതെന്ന് ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
തെരഞ്ഞെടുപ്പിനുശേഷം ജെഡിയു സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് ബിഹാര്‍ കോണ്‍ഗ്രസ് ഘടകത്തിലും ആവശ്യമുയര്‍ന്നു. ബിജെപിക്ക് 91 എംഎല്‍എമാരുണ്ട്. 200409 കാലഘട്ടത്തില്‍ ബിജെപി ജെഡിയു സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 40ല്‍ ജെഡിയു 20ഉം ബിജെപി 12ഉം സീറ്റ് നേടിയിരുന്നു. ഈ അവസ്ഥയില്‍നിന്ന് നിലവിലെ ദയനീയ സാഹചര്യത്തിലേക്ക് ജെഡിയു കൂപ്പുകുത്തിയതിന് ഉത്തരവാദി നിതീഷ് മാത്രമാണെന്ന് പാര്‍ടിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നിരുന്നു

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *