നിലമ്പൂരില്‍ ഹെന്ദവ വോട്ടുകള്‍ 45 ശതമാനത്തോളം; ഈഴവ വോട്ടില്‍ ചോര്‍ച്ചയുണ്ടാവൂമോ? സിപിഎമ്മില്‍ നെഞ്ചിടിപ്പ്


എല്ലാ കാലത്തും സിപിഎമ്മിന്റെ ശക്തമായ അടിത്തറയായിരുന്ന ഈഴവ വോട്ടുകള്‍ ബിജെപി പാളയത്തിലേക്ക് ഒഴുകി തുടങ്ങിയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം അഡ്രസ് ചെയ്യാന്‍ സിപിഎം തയ്യാറാവുകയാണ്. ഈ സാമുദായിക ചേരുവ മാറ്റം മനസ്സിലാക്കാനുള്ള രാഷ്ട്രീയ പരീക്ഷണശാല കൂടിയാവും നിലമ്പൂര്‍.


എംവിഎസ്


ഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണവും ഉജ്ജ്വല വിജയവും സമ്മാനിച്ചത് മുസ്ലിം വോട്ടുകളുടെ ഏകീകരണമായിരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. 2016 നിയമസഭാ തിരഞ്ഞെടുപ്പിലും ഈ പ്രതിഭാസം ഉണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കാറ്റ് മാറി വീശുന്നതാണ് കേരളം കാണുന്നത്. അപ്പോള്‍ യുഡിഎഫിലേക്ക് മുസ്ലിം വോട്ടുകള്‍ എല്ലാം ഷിഫ്റ്റ് ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് 10 മാസം മുമ്പ് നടക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ശ്രദ്ധേയമാവുന്നത്. ഇവിടെ ഏത് മുന്നണിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് വര്‍ക്കാവുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

മൂന്ന് മുന്നണികളും മൂന്ന് വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നതെന്ന അപൂര്‍വ്വത കൂടി ഈ തിരഞ്ഞെടുപ്പിനുണ്ട്. 45 ശതമാനത്തോളം വരുന്ന ഹിന്ദു വിഭാഗങ്ങളില്‍ ഈഴവ വോട്ടുകളാണ് ഭൂരിപക്ഷം. എസ്എന്‍ഡിപിക്ക് മലബാറില്‍ ഏറ്റവും സ്വാധീനമുള്ള താലൂക്ക് യൂണിയന്‍ നിലമ്പൂരിലേതാണ്. 2016ല്‍ ബിഡിജെഎസ് മത്സരിച്ചപ്പോള്‍ എന്‍ഡിഎക്ക് ലഭിച്ച 12,500 വോട്ടുകള്‍ വെറുതെ വന്നതല്ലെന്ന് സാരം. എസ്.സി/എസ്.ടി വോട്ടുകളും മറ്റ് ഒബിസി വോട്ടുകളും മലപ്പുറത്തെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് നിലമ്പൂരില്‍ നിര്‍ണായകവുമാണ്. 12 ശതമാനത്തോളം വരുന്ന ക്രൈസ്തവ വോട്ടുകള്‍ എല്ലാ കാലത്തും യുഡിഎഫിന്റെ ശക്തിയാണ്.

ആര്യാടന്റെ സോഷ്യല്‍ എഞ്ചിനീയറിങ്

മലയോര കര്‍ഷകരും ഹൈന്ദവരുമായിരുന്നു നിലമ്പൂരിന്റെ സുല്‍ത്താനാവാന്‍ ആര്യാടന്‍ മുഹമ്മദിനെ ഏറ്റവും കൂടുതല്‍ സഹായിച്ചിരുന്നത്. പാലക്കാടിനെ പോലെ സ്വാധീനമില്ലെങ്കിലും ഈഴവ പിന്നാക്ക വോട്ടുകളില്‍ കോണ്‍ഗ്രസിനും അത്യാവശ്യം കരുത്തുള്ള സ്ഥലമാണ് നിലമ്പൂര്‍. മുസ്ലിംലീഗും മുസ്ലിം സമുദായത്തിലെ മതമൗലികവാദികളും എതിര്‍ക്കുമ്പോഴും ആര്യാടന്‍ വിജയകരമായി പരീക്ഷിച്ചിരുന്ന സോഷ്യല്‍ എഞ്ചിനീയറിംഗ് ഇത് തന്നെയായിരുന്നു. അവിടെയാണ് കഴിഞ്ഞ രണ്ട് തവണയായി പിവി അന്‍വര്‍ വഴി ഇടതുപക്ഷം മലബാറിലെ മറ്റൊരു സോഷ്യല്‍ എഞ്ചിനീയറിഗ് കൊണ്ടു വരുന്നത്. 43 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടുകള്‍ നിലമ്പൂരില്‍ അന്‍വര്‍ കൂടെ മത്സരിക്കുകയാണെങ്കില്‍ മൂന്നായി വിഭജിക്കപ്പെടാനാണ് സാധ്യത.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കലങ്ങിമറിഞ്ഞ കേരള രാഷ്ട്രീയം സഞ്ചരിക്കുന്ന പുതിയവഴിയിലെ ആദ്യത്തെ പരീക്ഷണമാണ് നിലമ്പൂരില്‍ നടക്കുന്നത്. ഇതിന്റെ ആദ്യവെടിയാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിലമ്പൂരില്‍ പൊട്ടിച്ചത്. ഒബിസി സംവരണത്തില്‍ മുസ്ലിംങ്ങള്‍ അനര്‍ഹമായത് നേടിയെടുക്കുന്നുവെന്നതും മലപ്പുറത്ത് ലീഗ് പറയുന്നത് മാത്രമേ നടക്കൂവെന്നതും വെള്ളാപ്പള്ളി വെറുതെയങ്ങ് പറഞ്ഞതല്ല. സാധാരണ ഇത്തരമൊരു പ്രസ്താവനയുണ്ടായാല്‍ വെള്ളാപ്പള്ളിയെ എതിര്‍ക്കാന്‍ ആദ്യം മുന്നിട്ടിറങ്ങേണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ കമ എന്നൊരക്ഷരം ഉരിയാടിയില്ല. മാത്രമല്ല ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വെള്ളാപ്പള്ളിയുടെ ജന്മനാട്ടില്‍ അദ്ദേഹത്തിന് നല്‍കിയ സ്വീകരണത്തില്‍ മുഖ്യമന്ത്രി യോഗം ജനറല്‍സെക്രട്ടറിയെ വാഴ്ത്തിപാടുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സംഭവിച്ചതു പോലെ മുസ്ലിം വോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടുകയില്ലെന്നും മറിച്ച് യുഡിഎഫിലേക്ക് പോകുമെന്നും സിപിഎം തിരിച്ചറിയുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ഹിന്ദുവോട്ടുകള്‍ പരമാവധി സമാഹരിക്കുകയാണ് അവരുടെ ലക്ഷ്യം.

ഈഴവവോട്ടുകള്‍ എങ്ങോട്ട്?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ച മറ്റൊരു വലിയ അപകടം സിപിഎം മനസിലാക്കിയെന്ന് വേണം ഇതിലൂടെ കരുതുവാന്‍. എല്ലാ കാലത്തും സിപിഎമ്മിന്റെ ശക്തമായ അടിത്തറയായിരുന്ന ഈഴവ വോട്ടുകള്‍ ബിജെപി പാളയത്തിലേക്ക് ഒഴുകി തുടങ്ങിയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം അഡ്രസ് ചെയ്യാന്‍ സിപിഎം തയ്യാറാവുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 41 ശതമാനം ഈഴവ വോട്ടുകള്‍ ലഭിച്ചപ്പോള്‍ എന്‍ഡിഎക്ക് 37 ശതമാനത്തോളം വോട്ടുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചു. സാധാരണ തിരഞ്ഞെടുപ്പ് പരാജയത്തിനുമപ്പുറം ആശയപരമായ പരാജയമാണ് ഇടതുപക്ഷത്തിന് സംഭവിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്താന്‍ കാരണം ഈ അടിസ്ഥാന വോട്ടുകളുടെ ഗണ്യമായ ചോര്‍ച്ചയാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കഴിഞ്ഞ ആറുപതിറ്റാണ്ട് കാലത്തെ കേരളത്തിലെ പ്രവര്‍ത്തനത്തിന്റെ ആശയവിജയമാണ് ഞങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയതെന്ന കെ.സുരേന്ദ്രന്റെ പ്രതികരണവും ഈ മാറ്റത്തിന്റെ ചുവടുപിടിച്ചുള്ളതായിരുന്നു.


പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ട് നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് സാധിക്കുകയും ബിജെപിയിലുണ്ടായ നേതൃമാറ്റവും വോട്ട് ചോര്‍ച്ച തടഞ്ഞുനിര്‍ത്താന്‍ സിപിഎമ്മിന് സാധിച്ചേക്കുമെന്ന പ്രതീക്ഷ അവര്‍ക്ക് നല്‍കുന്നതാണ്. എം.സ്വരാജിനെ പോലെയൊരു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ മത്സരിപ്പിച്ച ഇടതുപക്ഷം ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്. അയോധ്യ സുപ്രീംകോടതി വിധി, ഫലസ്തീന്‍ യുദ്ധം, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെ സ്വരാജിന്റെ നിലപാട് മുസ്ലിം സമുദായത്തിന്റെ പിന്തുണ നേടിയിട്ടുണ്ട്. നായര്‍ സമുദായാംഗമായ സ്വരാജിന് പിന്നാക്ക വിഭാഗങ്ങളുടെ വോട്ടും ഇടത് പാളയത്തിലേക്ക് തിരികെ എത്തിക്കാനാവുമെന്നാണ് സിപിഎം നേതൃത്വം കണക്കുകൂട്ടുന്നത്. ഒപ്പം ക്രൈസ്തവ സമുദായാംഗമായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി യുഡിഎഫിന്റെ വോട്ട് ബാങ്കില്‍ വിള്ളല്‍ വരുത്തിയേക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. അന്‍വര്‍ മത്സരരംഗത്ത് തുടരുകയാണെങ്കില്‍ യുഡിഎഫിന് അനുകൂലമായ വോട്ടുകളാണ് വിഭജിച്ച് പോവുകയെന്നും ഇടതുപക്ഷം കണക്കുകൂട്ടുന്നു.

ആര്യാടന്‍ മുഹമ്മദിന് കിട്ടിക്കൊണ്ടിരുന്ന ഹിന്ദു-ക്രിസ്ത്യന്‍ വോട്ടുകളും കിട്ടാതിരുന്ന ലീഗിന്റെ സജീവ പിന്തുണയും കോണ്‍ഗ്രസ് ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. വിഎസ് ജോയ് ഇടഞ്ഞു നില്‍ക്കുന്നതും ഗ്രൂപ്പ് വഴക്കും അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വവും യുഡിഎഫിന് തലവേദനയാണ്. എന്നാല്‍ മണ്ഡലത്തിന്റെ അടിസ്ഥാന സ്വഭാവം യുഡിഎഫിന് അനുകൂലമാണെന്നതും ഭരണവിരുദ്ധ വികാരവും വിഡി സതീശനും സംഘത്തിനും ആശ്വാസം പകരുന്നതാണ്. ജീവന്‍ മരണ പോരാട്ടമായാണ് യുഡിഎഫ് നേതൃത്വം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ കാണുന്നതെന്ന് ഉറപ്പാണ്. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ ആത്മവിശ്വാസവും അനുഭവവുമാണ് അവര്‍ക്ക് നിലമ്പൂരിലും കരുത്താവുന്നത്.

ബിജെപിയിലും അങ്കലാപ്പ്

ബിജെപിയെ സംബന്ധിച്ചിടത്തോളം ആകപ്പാടെ ആശയക്കുഴപ്പവും അവ്യക്തതയും നിറഞ്ഞതാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. ആദ്യം മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചതും നിലമ്പൂരില്‍ ഞങ്ങള്‍ക്ക് സ്വാധീനമില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞതുമെല്ലാം പാര്‍ട്ടിയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ബിഡിജെഎസിനോട് മത്സരിക്കാന്‍ ബിജെപി ആവശ്യപ്പെട്ടതും അവര്‍ പിന്മാറിയതും മുന്നണിയിലും അസ്വസ്ഥത സൃഷ്ടിച്ചു. വേടന്‍ വിഷയത്തില്‍ ചില സംഘപരിവാര്‍ നേതാക്കള്‍ സ്വീകരിച്ച നിലപാടും പാലക്കാട് കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ എന്‍ഐഎക്ക് പരാതി നല്‍കിയതും പിന്നാക്ക വോട്ടുകള്‍ ബിജെപിയില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നാണ് പാര്‍ട്ടിയിലെ അന്തപ്പുര ചര്‍ച്ച.

എന്നാല്‍ പുറത്തുനിന്നുമുള്ള ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. പിവി അന്‍വറും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്തത്തോട് ആവശ്യപ്പെട്ടതെന്നും എന്നാല്‍ ബിജെപിയാണ് അതിന് തയ്യാറായതെന്നുമാണ് അവര്‍ പറയുന്നത്. 12,000ത്തോളം വോട്ടുകള്‍ മണ്ഡലത്തില്‍ ബിജെപിക്കുണ്ട്. അത് മുഴുവന്‍ പെട്ടിയിലാക്കുകയാണ് അവരുടെ ലക്ഷ്യം. അതില്‍ എത്ര വോട്ട് കുറഞ്ഞാലും അത് വോട്ട് മറിക്കല്‍ ആരോപണം ശക്തമാക്കാനേ ഉപകരിക്കൂവെന്നും അവര്‍ക്കറിയാം.



Sharing is Caring