അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി ജ്ഞാനശേഖരന്(37)ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ചെന്നൈ മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ 90,000 രൂപ പിഴയും ചുമത്തി. പ്രതിയെ കുറഞ്ഞത് 30 വര്‍ഷംവരെ പുറത്തുവിടരുതെന്നും ജയിലില്‍ പ്രത്യേക പരിഗണന നല്‍കരുതെന്നും കോടതി ഉത്തരവിട്ടു. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
ജ്ഞാനശേഖരന്‍ തന്നെ ഭീഷണിപ്പെടുത്തുകയും പിന്നീട് ക്യാമ്പസില്‍ വെച്ച് ബലാത്സംഗം ചെയ്യുകയും പീഡനത്തിന്റെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നതായി അതിജീവിത മൊഴി നല്‍കിയിരുന്നു. ഫെബ്രുവരി അവസാന വാരത്തില്‍, പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട്, കേസ് മഹിളാ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

2024 ഡിസംബര്‍ 23ന് രാത്രി എട്ടിനാണ് അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് മൊഴി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് കോട്ടൂര്‍പുരം സ്വദേശിയായ ജ്ഞാനശേഖരന്‍(37). ഇയാള്‍ക്കെതിരെ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ വേറേയും കേസുകളുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.













