മഹുവ മൊയ്ത്രയ്ക്ക് എതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ലോക്പാല്‍ ഉത്തരവ്

ലോകസഭയില്‍ ചോദ്യം ചോദിക്കുന്നതിന് ബിസിനസുകാരനില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന മഹുവ മൊയ്ത്രയ്ക്ക് എതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ലോക്പാല്‍ ഉത്തരവ്. മൊയ്ത്രയ്‌ക്കെതിരായ ‘ആരോപണങ്ങളുടെ എല്ലാ വശങ്ങളിലും’ പരിശോധിക്കാനും ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുമാണ് അഴിമതി വിരുദ്ധ നിരീക്ഷകരായ ലോക്പാല്‍ ഉത്തരവിട്ടിരിക്കുന്നത്.

അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് എല്ലാ മാസവും ഫയല്‍ ചെയ്യണമെന്നും ലോക്പാല്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹുവ മൊയ്ത്രയ്ക്ക് എതിരെ കാര്യക്ഷമമായ അന്വേഷണം നടത്തുന്നതിനായ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ലോക്പാല്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.മൊയ്ത്രയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഭൂരിഭാഗവും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ്.

അവര്‍ വഹിക്കുന്ന സ്ഥാനത്തെ അപേക്ഷിച്ച് ഇക്കാര്യം വലിയ ഗൗരവം അര്‍ഹിക്കുന്നതാണ്. അതിനാല്‍ സത്യം പുറത്തുവരാന്‍ കൃത്യമായ അന്വേഷണം ആവശ്യമാണെന്നും ലോക്പാല്‍ വ്യക്തമാക്കി.നേരത്തെ, ചോദ്യം ചോദിക്കുന്നതിന് ബിസിനസുകാരനില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണങ്ങള്‍ തടയണമെന്ന മഹുവ മൊയ്ത്രയുടെ ഹര്‍ജി ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബെ, അഭിഭാഷകന്‍ ആനന്ദ് ദേഹ്റായി എന്നിവരെ പ്രചാരണം നടത്തുന്നതില്‍ നിന്ന് തടയണമെന്നാവശ്യപ്പെട്ടാണ് മഹുവ മൊയ്ത്ര ഹര്‍ജി നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *