ഇന്ധന വിലവർധനവിനെതിരായ സമരം തകർക്കാൻ സർക്കാർ ശ്രമം : കെ മുരളീധരൻ

കോഴിക്കോട്: ഇന്ധന വില വര്‍ധനവിനെതിരെ സമരം ചെയ്യുന്നവരെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ പ്രതിരോധിക്കുമെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ എം പി. ഇന്ധനവിലക്കയറ്റത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ചക്രസ്തംഭന സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കളവ് നടത്തുന്ന സര്‍ക്കാരിനെ തുറന്ന് കാട്ടാനാണ് കോണ്‍ഗ്രസ് സമരമെന്നും ഇന്ധന നികുതി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ മണിക്കൂറുകള്‍ നീളുന്ന ചക്രസ്തംഭന സമരത്തിലേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാരുകള്‍ ഇന്ധന നികുതി കുറക്കാത്തത് എന്തുകൊണ്ടാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം പഞ്ചാബ് സര്‍ക്കാര്‍ വിലകുറച്ചു. മറ്റ് കോണ്‍ഗ്രസ് സര്‍ക്കാരുകളും നികുതി കുറക്കാനിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളോടൊപ്പം നികുതി കുറയ്ക്കാന്‍ കേരളവും തയ്യാറാവണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

മോദിയും അമിത്ഷായും മോഷ്ടിക്കുമ്പോള്‍ ഫ്യൂസ് ഊരി നല്‍കുന്ന പ്രവണതയാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചില വന്‍കിടക്കാരെ സമരം നടക്കുന്ന മേഖലയിലേക്ക് പറഞ്ഞ് വിട്ട് പ്രശ്‌നം സൃഷ്ടിക്കുന്ന പ്രവണതയാണുള്ളത്. കോടികളുടെ കാര്‍ വാങ്ങുന്നവര്‍ക്ക് ഇന്ധന വില വര്‍ധനവ് ഒന്നുമല്ല. ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്ന ഓട്ടോ ടാക്‌സി തൊഴിലാളികള്‍ അവര്‍ സമ്പാദിക്കുന്ന പണം ഇന്ധനത്തിനായി ചെലവഴിക്കേണ്ട ഗതികേടിലാണ്. ഇത്തരം ദുരവസ്ഥയെ കൈയ്യും കെട്ടി നോക്കിനില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ആക്രമവും പിടിച്ചു പറിയും സ്ത്രീപീഡനങ്ങളും തുടരുമ്പോള്‍ അതിനെതിരെ പ്രതികരിക്കാത്ത സാംസ്‌ക്കാരിക നായകന്‍മാര്‍ ഉപദേശിക്കാന്‍ വന്നാല്‍ പരമ പുച്ഛത്തോടെ തള്ളികളയുമെന്നും മുരളീധരന്‍ പറഞ്ഞു.

ഇന്ധന വിലക്കയറ്റത്തിന് എതിരെയും കേരളം നികുതി കുറയ്ക്കണമെന്നുമുള്ള മുദ്രാവാക്യം ഉയര്‍ത്തി ഡി സി സിയില്‍ നിന്നും പ്രകടനവുമായി എത്തിയ കോണ്‍ഗ്രസ് പ്രവർത്തകർ മാനാഞ്ചിറ ബി ഇ എം സ്‌ക്കൂളിന് മുന്നില്‍ 15 മിനിറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.15 മിനുട്ടിന് ശേഷം സമരം അവസാനിപ്പിച്ച് വാഹനങ്ങള്‍ കടത്തിവിട്ടതിന് ശേഷമാണ് ഉദ്ഘാടനം നടത്തിയത്. ഡി സി സി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ പി എം നിയാസ്, അഡ്വ കെ ജയന്ത്, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്, മുന്‍ ഡി സി സി പ്രസിഡന്റ് കെ സി അബു ,ഡി സി സി ഭാരവാഹികള്‍ വിവിധ മണ്ഡലങ്ങളിലെ നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *