കാസർകോട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: അദ്ധ്യാപകൻ ഒളിവിൽ

കാസർകോട്: എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകനെതിരെ പോക്‌സോ കേസ്. കുട്ടി പഠിച്ചിരുന്ന ദേളിയിലെ സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപകൻ ഉസ്മാനെയാണ് പോലീസ് പ്രതി ചേർത്തത്. ഒളിവിൽ പോയ അദ്ധ്യാപകനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാൾ കർണാടകയിലേക്ക് കടന്നതായും സൂചനയുണ്ട്.

വിദ്യാർത്ഥിനിയെ കഴിഞ്ഞയാഴ്ചയായിരുന്നു വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്‌ക്ക് പിന്നിൽ അദ്ധ്യാപകന്റെ മാനസിക പീഡനമാണെന്നാണ് കുട്ടിയുടെ പിതാവിന്റെ ആരോപണം. പെൺകുട്ടിയോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടുന്ന ഉസ്മാന്റെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഉസ്മാൻ അശ്ലീല ചുവയോടെ സംസാരിച്ചിരുന്നതായാണ് വീട്ടുകാരുടെ ആരോപണം. മൊബൈൽ പരിശോധിച്ചപ്പോൾ ഇത് മനസിലാക്കിയ പിതാവ് സ്‌കൂളിലെ പ്രധാന അദ്ധ്യാപകനെ വിവരമറിയിച്ചു. തുടർന്ന് ഉസ്മാൻ കുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും മാനസിക സമ്മർദ്ദത്തിൽ കുട്ടി ആത്മഹത്യ ചെയ്‌തെന്നുമാണ് വീട്ടുകാർ ആരോപിക്കുന്നത്.

പോക്‌സോ, ബാലനീതി വകുപ്പ് എന്നിവ ചുമത്തി ഉസ്മാനെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *