ഡെപ്യൂട്ടി കമ്മീഷണറെ പാകിസ്താനി എന്ന് വിളിച്ച സംഭവത്തിൽ ബിജെപി നേതാവ് എൻ രവികുമാർ മാപ്പ് പറയണമെന്ന് കർണാടക ഹൈക്കോടതി. തന്റെ മേലുള്ള എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രവികുമാർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദേശം.കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് ബിജെപി മന്ത്രിയുടെ അവസ്ഥ ഓർമിപ്പിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ‘ഇത്തരം പരാമർശങ്ങളല്ല ഒരു നേതാവ് നടത്തേണ്ടത്.
മധ്യപ്രദേശ് മന്ത്രിയോട് സുപ്രീംകോടതി പറഞ്ഞത് എന്താണെന്ന് അറിയാമല്ലോ. രവികുമാറും വ്യത്യസ്തനല്ല, ഇത്തരത്തിൽ ഒരു പരാമർശവും ഒരു നേതാവ് നടത്താൻ പാടില്ല’; ഹൈക്കോടതി പറഞ്ഞു. ശേഷം മാപ്പ് പറയാനും ആവശ്യപ്പെട്ടു.കൽബുർഗി ഡെപ്യൂട്ടി കമ്മീഷണറായ ഫൗസിയ താരാനും എന്ന ഉദ്യോഗസ്ഥക്കെതിരെയാണ് എൻ രവികുമാർ വിദ്വേഷ പരാമർശം നടത്തിയത്. ഫൗസിയ ഐഎഎസ് ഓഫീസറാണോ എന്നും പാകിസ്താനിൽ നിന്നാണ് അവർ വരുന്നത് വരുന്നത് എന്നുമായിരുന്നു രവികുമാറിന്റെ പരാമർശം. ഇതിന് പ്രവർത്തകർ കയ്യടിച്ചു. തുടർന്ന് ഈ കയ്യടി കേട്ടാൽ അവർ പാകിസ്താനിയാണെന് ഉറപ്പാണെന്നും രവികുമാർ പറഞ്ഞു.

പരാമർശം വിവാദമായതോടെ രവികുമാറിനെതിരെ കൽബുർഗി സ്റ്റേഷൻ ബസാർ പൊലീസ് കേസെടുത്തിരുന്നു. നേരത്തെയും വിവാദ പരാമർശങ്ങൾ ഒരുപാട് നടത്തിയ നേതാവാണ് രവികുമാർ. പട്ടികജാതി വിഭാഗങ്ങൾക്കെതിരെയും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുമുള്ള പരാമർശത്തിന് രവികുമാറിനെതിരെ മുൻപ് കേസെടുത്തിരുന്നു.













