തമിഴ്‌നാടിന്റെ സ്വന്തം പെരിയാറിനെ ജാതിവത്കരിക്കാൻ ശ്രമം നടക്കുന്നുവെന്നും അത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിജയ് ജാതിചിന്തകളെ പ്രതിരോധിക്കണമെന്ന തന്റെ നിലപാട് വ്യക്തമാക്കിയത്.
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ പെരിയാറിന്റെ പേരിനൊപ്പം ജാതി ചേർത്ത സംഭവം ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു വിജയ്‌യുടെ മുന്നറിയിപ്പ്.
പെരിയാറെ ജാതിവത്കരിക്കാൻ ശ്രമം നടക്കുകയാണ്. പ്രിലിമിനറി പരീക്ഷയിൽ പെരിയാറിന്റെ പേരിനൊപ്പം ജാതി ചേർത്ത സംഭവം നമ്മൾ കണ്ടു. ഈ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണം എന്നും ജാതി ചിന്തകളെ മാറ്റി നിർത്തണം എന്നും വിജയ് പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ ആരും പണം വാങ്ങി വോട്ട് ചെയ്യരുതെന്നും വിജയ് ആവർത്തിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ പലരും ലോറിയിൽ പണം കൊണ്ടുവരും. അതെല്ലാം നിങ്ങളുടെ കയ്യിൽ നിന്ന് കൊള്ളയടിച്ച പണമാണ്. ആ പണം ഒരിക്കലും വാങ്ങരുത് എന്നും വിജയ് പറഞ്ഞു.

തുടർന്ന് കുട്ടികളുടെ മനസിൽ ജനാധിപത്യ ചിന്ത എപ്പോഴും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യം ഉണ്ടെങ്കിലേ സ്വാതന്ത്ര്യവും തുല്യതയുമുള്ളൂ. അഴിമതിയുടെ കറ പുരളാത്തവർക്ക് മാത്രം തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും വിജയ് ആഹ്വാനം ചെയ്തു.













