ഇന്‍ഫോപാര്‍ക്കിലെ കലാമേള തരംഗ് 2k23; വിജയികള്‍ക്ക് സമ്മാനദാനം നടത്തി

കൊച്ചി: ടെക്കികളിലെ കലാകാരന്മാര്‍ക്കായി ഇന്‍ഫോപാര്‍ക്കില്‍ പ്രൊഗ്രസീവ് ടെക്കീസ് സംഘടിപ്പിച്ച ഐ.ടി ജീവനക്കാരുടെ പ്രഥമ കലോത്സവം തരംഗ് 2k23യിലെ വിജയികള്‍ക്ക് സമ്മാനദാനം നടത്തി. ആവേശം അലയടിച്ച ടെക്കി കലാമേളയില്‍ പതിനായിരത്തിലധികം പ്രതിഭകളാണ് മാറ്റുരച്ചത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 2 വരെ നീണ്ടുനിന്ന പരിപാടിയില്‍ ആവേശപൂര്‍വ്വമാണ് കേരളത്തിലുടനീളമുള്ള ഐ.ടി ജീവനക്കാര്‍ പങ്കാളികളായത്. കീ വാല്യു സോഫ്റ്റുവെയര്‍ സിസ്റ്റംസ് കലാമേളയില്‍ ചാംപ്യന്‍മാരായി. ഗാഡ്ജിയോണ്‍ സ്മാര്‍ട്ട് സിസ്റ്റംസ് രണ്ടാം സ്ഥാനവും ഫെയര്‍കോഡ് ടെക്‌നോളജീസ് മൂന്നാം സ്ഥാനവും നേടി. അഭിരാമി രാജീവ് (ഐ.ബി.എം) ആണ് കലാതിലകം. കലാപ്രതിഭയായി ഗൗതം വിശ്വനാഥന്‍ (നെസ്റ്റ് ഡിജിറ്റല്‍) തെരഞ്ഞെടുക്കപ്പെട്ടു. എബ്രഹാം ഷിഫിന്‍ (ടി.സി.എസ്) വോയ്‌സ് ഓഫ് തരംഗായും മികച്ച നര്‍ത്തകിയായി പൂജ .ടി (കീ വാല്യു സോഫ്റ്റുവെയര്‍ സിസ്റ്റംസ്), മികച്ച നടനായി നിര്‍മല്‍ കെ.എ (ഇഗ്നിറ്റേറിയം ടെക്‌നോളജി സൊല്യൂഷന്‍സ്), സ്പിരിറ്റ് ഓഫ് തരംഗായി റഈസ (ഇഗ്നിറ്റേറിയം ടെക്‌നോളജി സൊല്യൂഷന്‍സ്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഇന്‍ഫോപാര്‍ക്കിലെ അതുല്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംഗീത സംവിധായകനും ഗായകനുമായ ബിജിപാല്‍, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍, ടെക്‌നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), കേരളാ ഐ.ടി പാര്‍ക്ക്‌സ് സി.എം.ഒ മഞ്ജിത്ത് ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനദാനം നടത്തി. ബ്രഹ്‌മപുരം തീപിടിത്തം അണയ്ക്കുവാന്‍ നേതൃത്വം നല്‍കിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെ ചടങ്ങില്‍ ആദരിച്ചു. തൃക്കാക്കര ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സതീശന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ ആദരമേറ്റുവാങ്ങി. പ്രോഗ്രസീവ് ടെക്കീസ് സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലായനി ചടങ്ങില്‍ അധ്യക്ഷനായി. പ്രോഗ്രസീവ് ടെക്കീസ് സെക്രട്ടറി ഷിയാസ് സ്വാഗതവും രാധിക നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *