16000 കിലോമീറ്റര്‍ ദൂരം പിന്നിട്ട് ഉത്തരധ്രുവത്തിന് മുകളിലൂടെ വിമാനം പറത്തി ഇന്ത്യക്കാരിയായ സോയ അഗർവാൾ

16000 കിലോമീറ്റര്‍ ദൂരം പിന്നിട്ട് ഉത്തരധ്രുവത്തിന് മുകളിലൂടെ(ഹിന്ദുകുഷ് മലനിരകളിലൂടെ) വിമാനം പറത്തിയ മിടുക്കിയുണ്ട് ഇന്ത്യയില്‍.

ബോയിങ് 777 വിമാനത്തിന്റെ എയര്‍ ഇന്ത്യ പൈലറ്റായ അവരുടെ പേര് സോയ അഗര്‍വാള്‍ എന്നാണ്. ബോയിങ് 777 വിമാനത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍നിന്ന് തുടങ്ങി ബെംഗലൂരുവില്‍ അവസാനിച്ച യാത്രയ്ക്ക് എയര്‍ ഇന്ത്യ ക്യാപ്റ്റന്‍ സോയ അഗര്‍വാളാണ് നേതൃത്വം നല്‍കിയത്. വനിത പൈലറ്റുമാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന റൂട്ട് യാത്രയായിരുന്നു അത്. ഈ ​നേട്ടത്തിന് വലിയ ഒരു അംഗീകാരം തേടിയെത്തിയിരിക്കയാണ് സോയയെ. അതായത് യു.എസ് വ്യോമയാന മ്യൂസിയത്തില്‍ (എസ്.എഫ്.ഒ ഏവിയേഷന്‍ മ്യൂസിയം) ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത പൈലറ്റായി കാപ്റ്റന്‍ സോയ അഗര്‍വാള്‍.

ഉത്തരധ്രുവത്തിനു മുകളിലൂടെ16000 കിലോമീറ്റര്‍ ദൂരം വിമാനം പറത്തിയതിനുള്ള അംഗീകാരമായാണ് യു.എസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ മ്യൂസിയത്തില്‍ സോയക്ക് ഇടം നല്‍കിയത്.

ഈ മൂസിയത്തിലെ ഏക മനുഷ്യന്‍ താനാണെന്നാണ് സോയ അഗര്‍വാള്‍ തമാശയായി പറയുന്നത്. തന്റെ നേട്ടം ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്കും യുവാക്കള്‍ക്കും അവരുടെ സ്വപ്നങ്ങള്‍ നേടാന്‍ പ്രചോദനമാകുമെന്നും അവര്‍ വിലയിരുത്തുന്നു.

”ഞങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ വനിതാ ഇന്ത്യന്‍ പൈലറ്റാണ് സോയ. എയര്‍ ഇന്ത്യയിലെ അവരുടെ ശ്രദ്ധേയമായ കരിയറും 2021 ലെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന റൂട്ട് യാത്രയും എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന ഒന്നാണ്. മറ്റ് പെണ്‍കുട്ടികളെയും സ്ത്രീകളെയും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നതിനുള്ള സോയയുടെ പ്രതിബദ്ധത ആഴത്തില്‍ പ്രചോദിപ്പിക്കുന്നതാണ്​”-എന്നാണ് സാന്‍ ഫ്രാന്‍സിസ്കോ ഏവിയേഷന്‍ മ്യൂസിയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ഇതെ കുറിച്ച്‌ അഭിപ്രായപ്പെട്ടത്.

2004 മേയ് മുതല്‍ സോയ എയര്‍ഇന്ത്യയിലുണ്ട്. 2013ല്‍ എയര്‍ഇന്ത്യയുടെ ബോയിങ് 777 വിമാനം പറത്തിയും സോയ ചരിത്രം കുറിച്ചിരുന്നു. അന്ന് ബോയിങ് 777 വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായിരുന്നു അവര്‍. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നാണ് ഈ മിടുക്കി ബി.എസ്.സി നേടിയത്. പൈലറ്റാവുകയായിരുന്നു സ്വപ്നം. സമൂഹം എതിര്‍ത്താലും നിങ്ങളുടെ സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കരുതെന്നാണ് പെണ്‍കുട്ടികളോട് സോയക്ക് പറയാനുള്ളത്. വെറുമൊരു പൈലറ്റ് ആകുക മാത്രമല്ല, മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കലും തന്റെ ലക്ഷ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *