കോവിഡ് ആഘാതം മറികടക്കാന്‍ വിവിധ വായ്പാ പദ്ധതികളുമായി പൊതു മേഖലാ ബാങ്കുകള്‍

കൊച്ചി: കോവിഡ് ആഘാതം ചെറുക്കാനായി രാജ്യത്തെ പൊതു മേഖലാ ബാങ്കുകള്‍ നൂറു കോടി രൂപ വരെയുള്ള ബിസിനസ് വായ്പകളും അഞ്ചു ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകളും നല്‍കും.കോവിഡിന്റെ ആഘാതം മറികടക്കാനായി പൊതു മേഖലാ ബാങ്കുകള്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കാനായി എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാരയും ഇന്ത്യന്‍ ബാങ്ക്സ് അസോസ്സിയേഷന്‍ ചെയര്‍മാന്‍ രാജ്കിരന്‍ റായും ഐബിഎ ചീഫ് എക്സിക്യൂട്ടീവ് സുനില്‍ മേത്തയും നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമനുസരിച്ചുള്ള കോവിഡ് വായ്പാ പദ്ധതിയില്‍ പുതുതായി നല്‍കുന്ന മൂന്നു വിഭാഗം വായ്പകളാണുള്ളത്. വാക്സിന്‍ നിര്‍മാതാക്കള്‍, ആശുപത്രികള്‍, ലബോറട്ടറികള്‍, ഓക്സിജന്‍ നിര്‍മാതാക്കളും വിതരണക്കാരും, വാക്സിന്റേയും കോവിഡ് അനുബന്ധ മരുന്നുകളുടേയും ഇറക്കുമതിക്കാര്‍ തുടങ്ങിയവര്‍ക്കുള്ള വായ്പകളും കോവിഡ് രോഗികള്‍ക്ക് ചികില്‍സയ്ക്കുള്ള വായ്പകളും ഇതില്‍ ഉള്‍പ്പെടും.

ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഇസിജിഎല്‍എസ് പ്രകാരം പരമാവധി 7.5 ശതമാനം നിരക്കില്‍ രണ്ടു കോടി രൂപ വരെയാവും ആശുപത്രികള്‍ക്കും നഴ്സിങ് ഹോമുകള്‍ക്കും വായ്പ നല്‍കുക. ആരോഗ്യ സേവന സംവിധാനങ്ങള്‍ സ്ഥാപിക്കാനും ആരോഗ്യ സേവന ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനുമായി നൂറു കോടി രൂപ വരെയുള്ള ബിസിനസ് വായ്പകളും നല്‍കും. ശമ്പളക്കാര്‍, ശമ്പളക്കാരല്ലാത്തവര്‍, പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ക്ക് കോവിഡ് ചികില്‍സയ്ക്കായി 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള അണ്‍ സെക്യേര്‍ഡ് പേഴ്സണല്‍ വായ്പകളും നല്‍കും.

ഈ വായ്പകളെല്ലാം കുറഞ്ഞ നിരക്കിലാവും പൊതു മേഖലാ ബാങ്കുകള്‍ നല്‍കുക. ഇതിനു പുറമെ ബിസിനസ് വായ്പകള്‍ മൂന്നു വിഭാഗങ്ങളായി പുനക്രമീകരിക്കാനും തീരുമാനമായിട്ടുണ്ട്. നിര്‍ദ്ദിഷ്ട ചെറുകിട സംരംഭങ്ങളുടെ പത്തു ലക്ഷം രൂപ വരെയുള്ള വായ്പകള്‍, പത്തു ലക്ഷം മുതല്‍ പത്തു കോടി രൂപ വരെയുള്ള വായ്പകള്‍, പത്തു കോടി രൂപയ്ക്കു മുകളിലുള്ള വായ്പകള്‍ എന്നിവയാണ് മൂന്നു വിഭാഗങ്ങളിലായി പുനക്രമീകരിക്കുക.

വ്യക്തിഗത വായ്പകള്‍ പുനക്രമീകരിക്കുന്നതിന് പൊതുവായുള്ള നടപടിക്രമങ്ങളും വിവിധ ഘട്ടങ്ങളിലുള്ളവയ്ക്കായുള്ള രീതികളും ആവിഷ്‌ക്കരിക്കും. പൊതു അപേക്ഷയും വിശകലന രീതികളും ഉണ്ടാകും. ഇതിനായുള്ള രേഖകള്‍ ലളിതമാക്കും. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമനുസരിച്ച് അര്‍ഹരായ ഉപഭോക്താക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും വായ്പകള്‍ പുനക്രമീകരിക്കുന്നത് അടക്കമുള്ള നിരവധി നടപടികളും എസ്ബിഐയുടേയും ഐബിഎയുടേയും ചെയര്‍മാന്‍മാര്‍ വിശദീകരിച്ചു. റിസര്‍വ് ബാങ്ക് 2021 മെയ് അഞ്ചിന് പ്രഖ്യാപിച്ച നടപടികളുടെ തുടര്‍ച്ചയായാണ് പൊതുമേഖലാ ബാങ്കുകളുടെ ഈ നടപടി. അടിയന്തര വായ്പാ ഗാരണ്ടി പദ്ധതി ഈ വര്‍ഷം ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *