ഹര്‍ത്താല്‍ അക്രമം ;പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ റവന്യൂ റിക്കവറി നടത്താന്‍ ഉത്തരവിറങ്ങി. ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പില്‍ നിന്ന് പേരുവിവരങ്ങള്‍ ലഭിച്ചാലുടന്‍ ജപ്തി നടത്തുമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യും.

ജപ്തി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിലെ സമയക്രമം പാലിക്കുന്നതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കിയത്. റവന്യൂ റിക്കവറിക്ക് മുന്‍പായി നല്‍കേണ്ട നോട്ടീസ് നിലവിലെ സാഹചര്യത്തില്‍ നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23-ാം തിയതിക്കകം നല്‍കണമെന്നാണ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നത്. ജപ്തിയ്ക്കായി നോട്ടീസ് നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചിരുന്നു. നടപടികള്‍ വൈകുന്നതില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *