അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിതരണം ചെയ്തു

പത്തനംതിട്ട: അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിതരണം ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായി ട്രൈബല്‍ സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിതരണം ചെയ്തത് അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍.പി സ്‌കൂളിലാണ്. അട്ടത്തോട് ഗവ. സ്‌കൂളിന് നിലയ്ക്കലില്‍ പുതിയ സ്ഥിരം കെട്ടിടത്തിന് നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു. സ്‌കൂളിനായി ഒരേക്കര്‍ പത്ത് സെന്റോളം വരുന്ന ഭൂമി വനം വകുപ്പ് ഏറ്റെടുത്ത് വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന് കെട്ടിടത്തിനായി ഭരണാനുമതി ലഭിച്ചു. സാങ്കേതിക അനുമതി പി.ഡബ്യു.ഡിയില്‍ നിന്ന് ഉടനടി ലഭിക്കും. പ്രൊപ്പോസല്‍ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. എത്രയും വേഗം സ്‌കൂളിനായി സ്ഥിരം കെട്ടിടം ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായും ജില്ലാ കളക്ടര്‍ പറഞ്ഞു.

പെണ്‍കുട്ടികളോട് ലിംഗ വിവേചനം ഉണ്ടാകാന്‍ പാടില്ല. ഭക്ഷണത്തിന്റെയും, വസ്ത്രത്തിന്റെയും, വിദ്യാഭ്യാസത്തിന്റെയും ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കുടുംബത്തിലും സമൂഹത്തിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ പരിഗണന ലഭിക്കുന്നത് ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ധരിച്ച കുട്ടികളോടൊപ്പം ജില്ലാ കളക്ടര്‍ ഫോട്ടോ എടുത്തു. കുട്ടികളോടൊപ്പം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളിലും പങ്കെടുത്ത കളക്ടര്‍ മനോഹരമായ ഒരു ഗാനം അവര്‍ക്കൊപ്പം പാടുകയും ചെയ്തു. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ചു. ക്രിസ്തുമസ് സന്ദേശം ഫാ. ബെന്‍സി മാത്യു കിഴക്കേതില്‍ നല്‍കി. ഗ്രാമ പഞ്ചായത്ത് അംഗം മഞ്ജു പ്രമോദ്, ജില്ലാ ട്രൈബല്‍ ഓഫീസര്‍ എസ്.എസ്. സുധീര്‍, റാന്നി തഹസില്‍ദാര്‍ നവീന്‍ ബാബു, ബിആര്‍സി പ്രോജക്ട് ഓഫീസര്‍ ഷാജി എ.സലാം, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജു തോമസ്, പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് രാജ്, ഊര് മൂപ്പന്‍ നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *