മുല്ലപ്പെരിയാർ മരംമുറിയിൽ വിശദീകരണം തേടാൻ സർക്കാർ

മുല്ലപ്പെരിയാറിലെ വിവാദ മരമുറി ഉത്തരവില്‍ വിശദീകരണം തേടാന്‍ സര്‍ക്കാര്‍. വനം – ജലവിഭവ സെക്രട്ടറിമാരിൽ നിന്നാണ് സർക്കാർ വിശദീകരണം തേടുക. സെക്രട്ടറിമാരുടെ യോഗം ചേരാനുണ്ടായ കാരണം വ്യക്തമാക്കാനാണ് നിര്‍ദേശം. എന്നാൽ യോഗ തീരുമാനം അനുസരിച്ചാണ് ഉത്തരവ് എന്നായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ വിശദീകരണം.

ഉത്തരവിറക്കിയതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. നടപടിയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന് ഉണ്ടായേക്കും. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചൻ തോമസിനെതിരായ നടപടിയാണ് തീരുമാനിക്കുക. ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് പങ്കെടുത്ത യോഗത്തിന്‍റെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചൻ സര്‍ക്കാരിന് നല്‍കിയ വിശദീകരണം.

ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 15 മരങ്ങൾ മുറിച്ചുമാറ്റാന്‍ തമിഴ്നാടിന് നല്‍കിയ അനുമതി വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് മരവിപ്പിച്ചത്. പുതിയ ഉത്തരവ് തമിഴ്നാടിന് കൈമാറും. ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി സര്‍ക്കാരിന് മുന്നോട്ട് പോകാനാകില്ലെന്നും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവവര്‍ക്ക് പങ്കുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *