തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ പ്രളയം തുടരുന്നു

തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ പ്രളയം തുടരുന്നു. ആന്ധ്രാപ്രദേശ് ചിറ്റൂർ ജില്ലയിലെ രായലചെരുവു അണക്കെട്ടിൽ നാലിടത്തുണ്ടായ വിള്ളൽ, പ്രദേശത്തെ ഭീതിയിലാക്കിയിട്ടുണ്ട്. 18 വില്ലേജുകളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. അണക്കെട്ടിൽ നിന്നും നീരൊഴുക്ക് വലിയ തോതിൽ ഉണ്ടായാൽ തിരുപ്പതി ഉൾപ്പെടെയുള്ള നൂറിലധികം വില്ലേജുകളെ സാരമായി ബാധിയ്ക്കും.

രണ്ടു ദിവസം മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എന്നാൽ, അനന്ത്പൂർ, ചിറ്റൂർ, കടപ്പ ജില്ലകളിലെ വിവിധ മേഖലകളിൽ ഇന്നലെ രാത്രിയും മഴയുണ്ടായി. ഔദ്യോഗിക കണക്കുകൾ പ്രകാരം 41 പേരാണ് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. 27 മുതൽ ഡിസംബർ രണ്ടുവരെ ആന്ധ്രയിലെ ഈ മേഖലകളിൽ തന്നെ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.

തമിഴ്നാട്ടിൽ 25 മുതൽ 27 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപം കൊള്ളുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം. സംസ്ഥാനത്തിന്റെ തീരദേശ മേഖലകളിലും വെല്ലൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, വിഴിപ്പുരം, സേലം, ഈറോഡ് ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്യുന്നുണ്ട്. വെല്ലൂർ, വിഴിപ്പുരം ജില്ലകളിലെ വിവിധ മേഖകളിൽ വെള്ളക്കെട്ട് തുടരുകയാണ്.

കർണാടകയിൽ വരുന്ന നാലുദിവസങ്ങൾ കൂടി ശക്തമായ മഴ പെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കോലാർ, ചിക്ബല്ലാപ്പൂർ മേഖലയിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടുദിവസമായി ബംഗളൂരു നഗരത്തിലും ശക്തമായ മഴയുണ്ട്. പുതുച്ചേരി, കാരയ്ക്കാൽ മേഖലകളിലും മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്. നഗരത്തിലെ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കാൻ ഇനിയും സാധിച്ചിട്ടില്ല.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *