ഒറ്റ ദിവസം 26 പുതിയ ശാഖകള്‍ തുറന്ന് ഫെഡറല്‍ ബാങ്ക്

കൊച്ചി: തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി ഫെഡറല്‍ ബാങ്ക് 26 പുതിയ ശാഖകള്‍ തുറന്നു. എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ചെന്നൈയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ചെന്നൈ ടവര്‍ റോട്ടറി ക്ലബുമായി സഹകരിച്ച് കാഴ്ചപരിമിതര്‍ക്കുള്ള 26 അത്യാധുനിക സ്മാര്‍ട്ട് വിഷന്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. തിരുവള്ളൂര്‍ ഡിസ്ട്രിക്ട് ഫിഷെര്‍മാന്‍ ഫെഡറേഷന്‍ മുഖേന പൊന്നേരിയില്‍ 60 വനിതാ ഗുണഭോക്താക്കള്‍ക്കുള്ള വായ്പകളും വിതരണം ചെയ്തു.

‘ഫെഡറല്‍ ബാങ്കിനെ സംബന്ധിച്ച് നിര്‍ണായകമായ സാമ്പത്തിക വര്‍ഷമാണ് 2024. പുതുതായി 26 ശാഖകള്‍ തുറന്നതോടെ തമിഴ്‌നാട്ടില്‍ 250 ശാഖകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. ഈ മാസം അവസാനത്തോടെ ഇന്ത്യയൊട്ടാകെയുള്ള ശാഖകളുടെ എണ്ണം 1500ലെത്തും. തന്ത്രപ്രധാന വിപണികളില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നത് വരും വര്‍ഷത്തിലും നേട്ടമുണ്ടാക്കാന്‍ സഹായിക്കും. ഡിജിറ്റല്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം മാനുഷിക പരിഗണനകള്‍ക്കും മുന്‍ഗണന നല്‍കുക എന്ന ഞങ്ങളുടെ മന്ത്രമാണ് നിര്‍മിത ബുദ്ധിയാല്‍ എല്ലാം നയിക്കപ്പടുന്ന ഈ കാലത്ത് ഞങ്ങള്‍ക്ക് കരുത്തേകുന്നത്,’ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

വ്യക്തിഗത ബാങ്കിങ്, ബിസിനസ് ബാങ്കിങ്, ലോണുകള്‍, നിക്ഷേപം സ്വീകരിക്കല്‍, വിവിധതരം അക്കൗണ്ടുകളുടെ സൗകര്യം തുടങ്ങി എല്ലാവിധ ബാങ്കിങ് സേവനങ്ങളും പുതിയ ശാഖകളില്‍ ലഭ്യമാണ്. വ്യക്തിഗത സാമ്പത്തിക മാര്‍ഗനിര്‍ദേശവും ഇടപാടുകാര്‍ക്ക് പിന്തുണയും നല്‍കുന്നതിന് ഫെഡറല്‍ ബാങ്കിന്റെ പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ക്കൊപ്പം നിര്‍മിത ബുദ്ധി സംവിധാനങ്ങളുടെ സഹായവും ലഭ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *