സ്റ്റേജ് പരിപാടിക്ക് ദുബായിലെത്തിച്ച മലയാളി നര്‍ത്തകിയെ പെണ്‍വാണിഭ സംഘത്തില്‍നിന്ന് രക്ഷിച്ചു

സ്റ്റേജ് പരിപാടി അവതരിപ്പിക്കാനെന്ന വ്യാജേന ദുബായിലെത്തിച്ച മലയാളി നര്‍ത്തകിയെ പെണ്‍വാണിഭ സംഘത്തില്‍നിന്ന് രക്ഷിച്ചു. കാസര്‍കോട് സ്വദേശിനിയായ 19 കാരിയെ ആണ് ദുബായ് പോലീസ് രക്ഷിച്ചത്. ചെന്നൈയിലെ രവി എന്ന ഇടനിലക്കാരന്‍ വഴി ഞായറാഴ്ചയാണ് യുവതിയെ ദുബായില്‍ എത്തിച്ചത്. ഇവിടെ എത്തിയപ്പോഴാണ് പലര്‍ക്കും കാഴ്ചവെക്കാനാണ് തന്നെ കൊണ്ടുവന്നതെന്ന് യുവതിക്ക് മനസ്സിലായത്.

മുറിയില്‍ അടച്ചിടപ്പെട്ട യുവതി നാട്ടിലെ ഭര്‍ത്താവിനെ വിവരമറിയിച്ചു. ഭര്‍ത്താവ് കാസര്‍കോട് എസ്.പിക്ക് പരാതി നല്‍കി. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകനും അബൂദബി കമ്യൂണിറ്റി പൊലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയുടെ ഫോണ്‍ നമ്പര്‍ യുവതിയെ അറിയിക്കുകയായിരുന്നു.

യുവതി വാട്ട്‌സാപ്പ് വഴി തന്റെ അവസ്ഥ അറിയിച്ച് ശബ്ദ സന്ദേശവും ലൊക്കേഷന്‍ മാപ്പും ബിജുവിന് അയച്ചു കൊടുത്തു. ഈ വിവരങ്ങളുമായി ബിജു അറബി അറിയാവുന്ന സുഹൃത്തിനെയും കൂട്ടി ദേര പൊലീസ് സ്റ്റേഷനിലെത്തി പരാതി അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസെത്തി യുവതിയെ ബന്ദിയാക്കിയ മുറി തുറപ്പിച്ചു. മുറിയില്‍ നര്‍ത്തകിയെ കൂടാതെ 15ഓളം പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഇവരെ കൊണ്ടുവന്ന തമിഴ്‌നാട് സ്വദേശികളെ പൊലീസ് വിളിച്ചുവരുത്തി. ഇവരുടെ എമിറേറ്റ്‌സ് ഐഡി വാങ്ങിവെക്കുകയും ഇവരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടു.

നര്‍ത്തകിക്ക് നാട്ടില്‍ പോയാല്‍ മതിയെന്ന് ആവശ്യപ്പെട്ടതിനാല്‍ കൊണ്ടുവന്നവരോട് ടിക്കറ്റ് എടുത്തു നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രി ദുബായില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ ടിക്കറ്റ് എടുത്ത് നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *