തെറ്റ് പറ്റി, ആത്മപരിശോധനയ്ക്ക് സമയമായി-അരവിന്ദ് കെജ് രിവാള്‍

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പൂര്‍ണ പരാജയം ഏറ്റ് വാങ്ങിയ ശേഷം തെറ്റുകള്‍ ഏറ്റു പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ രംഗത്തെത്തി. തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നും പ്രവര്‍ത്തന മികവിലേക്ക് തിരിഞ്ഞ് നോക്കാന്‍ സമയമായെന്നും കെജ് രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

ആത്മപരിശോധനയ്ക്കുള്ള സമയമാണിത്. ഇനിയങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഓരോ പ്രവര്‍ത്തകരും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാജയത്തിന് ആരെയും പഴിചാരിയിട്ട് കാര്യമില്ല. ചെയ്യാനുള്ളത് പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ്.

ജനങ്ങള്‍ അര്‍ഹിക്കുന്നത് അവര്‍ക്ക് ലഭിക്കണം. അതില്‍ ഒട്ടും കുറവുണ്ടാവാന്‍ പാടില്ല. നിലനില്‍പ്പിനായുള്ള വഴി അത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നിന്നും പാര്‍ട്ടിക്കെതിരെയും നേതൃത്വത്തിനെതിരെയും അപശബ്ദങ്ങളും വിരുദ്ധ സ്വരവും ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പ്രസ്താവന വന്നത്.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ 181 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 വാര്‍ഡുകള്‍ മാത്രമേ എ.എ.പിക്ക് ലഭിച്ചിരുന്നുള്ളൂ. അതോടെ എ.എ.പിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്ത് കൊണ്ട് രാഷ്ട്രീയ നിരീക്ഷകരടക്കം രംഗത്ത് വന്നിരുന്നു. ആകെ 272 വാര്‍ഡുകളാണ് ഡല്‍ഹി കോര്‍പ്പറേഷനുകള്‍ക്ക് കീഴിലുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *