അഹിന്ദു ആയതിന്റെ പേരിൽ നർത്തകി മൻസിയയെ വിലക്കിയ വേദിയിൽ വയലിൻ വായിച്ച് ഭർത്താവ് ശ്യാം: ഭർത്താവിന് സംഘപരിവാർ മനസാണോ എന്നു ചോദിച്ച് സോഷ്യൽ മീഡിയ

കോഴിക്കോട്: കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് അഹിന്ദു ആയതിനാൽ കൂടൽ മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള നൃത്തോത്സവത്തിൽ നർത്തകി മൻസിയയ്ക്ക് അവസരം നിഷേധിച്ച സംഭവം. ഏപ്രിൽ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാൻ നോട്ടീസിലടക്കം പേര് അച്ചടിച്ചതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികളിൽ ഒരാൾ ഇക്കാര്യം അറിയിച്ചതെന്നാണ് മൻസിയ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയത്. ഇതേ കാരണത്താൽ ഗുരുവായൂരിലും തനിക്ക് അവസരം നിഷേധിക്കപ്പെട്ടിരുന്നുവെന്നും മൻസിയ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് കേരളത്തിൽ ഉണ്ടായത്. മൻസിയയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി കലാകാരികൾ കൂടൽ മാണിക്യം ക്ഷേത്രത്തിലെ പരിപാടികൾ ബഹിഷ്ക്കരിച്ചു. പ്രതിഷേധ സൂചകമായി മൻസിയയുടെ പരിപാടികൾ കേരളത്തിൽ പല വേദികളിലും വിവിധ സംഘടനകളും സംഘടിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിനിടയിലാണ് മൻസിയയെ ഒഴിവാക്കിയ വേദിയിൽ ഭർത്താവ് ശ്യാം വയലിൻ വായിക്കാനെത്തിയത്. രേണു രാമനാഥ് എന്നവരാണ് ഇക്കാര്യം ഫേസ് ബുക്കിൽ കുറിച്ചത്. അഹിന്ദുവായതിനാൽ ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട നർത്തകി മൻസിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ചില നർത്തകർ കൂടൽ മാണിക്യക്ഷേത്രത്തിലെ ഉത്സവപ്പരിപാടിയിൽ നിന്ന് പിൻ മാറിയിരുന്നല്ലോ. ഹിന്ദുവാണെന്ന് എഴുതി ഒപ്പിട്ടു കൊടുക്കേണ്ട ഒരു വേദിയിൽ പരിപാടി അവതരിപ്പിക്കാൻ താല്പര്യമില്ലെന്നാണു പിൻമാറിയ കലാകാരർ പ്രസ്താവിച്ചിരുന്നത്. പക്ഷെ, ഇക്കാര്യത്തിൽ മൻസിയയുടെ ഭർത്താവ് വയലിനിസ്റ്റ് തൃശൂർ ശ്യാം കല്യാണിനു വ്യത്യസ്തമായ നിലപാടാണുള്ളതെന്ന് മനസ്സിലാക്കുന്നു. കൂടൽ മാണിക്യം ഉത്സവം 2021 – മൂന്നാം ദിവസം നീലമ്പേരൂർ സുരേഷ് കുമാറിന്റെ കച്ചേരിക്ക് വയലിൻ വായിക്കാനെത്തിയത് ശ്യാം കല്യാൺ ആയിരുന്നു. പരിപാടിക്കു ശേഷം ദേവസ്വം ബോർഡ് ചെയർമാനും, പ്രോഗ്രാം കമ്മറ്റി ഭാരവാഹികൾക്കുമൊപ്പം ഫോട്ടോയെടുക്കാനും ശ്യാം കല്യാണിനു മടിയുണ്ടായില്ല എന്നാണ് ഫേസ് ബുക്ക് കുറിപ്പിലുള്ളത്.
നീലംപേരൂർ സുരേഷ് കുമാറിനെയും ശ്യാം കല്യാണിനെയും മൃദംഗവാദകൻ കോട്ടയം മനോജ് കുമാറിനെയും ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, പ്രോഗ്രാം കൺവീനർ അഡ്വ. മണി കണ്ഠൻ, സുദാമൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
പരിപാടിയിൽ നിന്ന് അവസരം നിഷേധിച്ചപ്പോൾ ഇട്ട ഫേസ് ബുക്ക് കുറിപ്പിൽ കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കുമെന്നാണ് മൻസിയ വ്യക്തമാക്കിയത്. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു. കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രമാണ് കുറിപ്പെന്നായിരുന്നു മൻസിയ വ്യക്തമാക്കിയത്. തുടർന്ന് നിരവധി പ്രതിഷേധ പരിപാടികളിലും ഇവർ പങ്കെടുക്കുകയും ചെയ്തു.
ഇതിനിടയിലാണ് സംഘപരിപാർ മനസ്സുള്ളവർ നടത്തുന്ന പരിപാടിയിൽ പങ്കെടുത്ത മൻസിയയുടെ ഭർത്താവിനും സംഘപരിവാർ മനസ്സാണോ എന്ന് ചോദിച്ച് പലരും സോഷ്യൽ മീഡിയയുടെ രംഗത്തെത്തിയത്. ഇതിന് മൻസിയ മറുപടിയും നൽകി. വിഷയങ്ങളിൽ കൃത്യമായ നിലപാടുകളും കാഴ്ചപ്പാടുകളും ഉള്ള ആളാണ് ഞാൻ എന്നാണ് വിശ്വസിക്കുന്നത്. എന്റെ കലയുടെ കാര്യത്തിലായാലും ജീവിതത്തിലായാലും രാഷ്ട്രീയത്തിലായാലും. എന്റെ ഭർത്താവയതിനാൽ ശ്യാം കല്യാൺ എന്റെ അതേ കാഴ്ചപ്പാടിൽ ജീവിക്കണം എന്ന് ഞാൻ നിർബന്ധം പിടിക്കുന്നത് ജനാധിപത്യ ബോധമുള്ള ഒരാളുടെ യുക്തിക്കു ശരിയാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. തിരിച്ചും. എന്റെ കൂടൽ മാണിക്യം വിഷയവുമായി ബന്ധപ്പെട്ട എന്റെ നിലപാടും അഭിപ്രായവുമാണ് ഞാൻ പറഞ്ഞത്. എന്റെ വിഷയവും കമ്മിറ്റിയുടെ മറ്റു ചടങ്ങളോടും കലഹിച്ച് ഒപ്പം നിന്ന കലാകാരൻമാർക്ക് നന്ദി എന്നാണ് മൻസിയ വി പിയുടെ പ്രതികരണം.
എന്നാൽ നൃത്ത പരിപാടിയിൽ നിന്ന് പുറത്താക്കിയ ക്ഷേത്ര ഭാരവാഹികളെ ശക്തമായി വിമർശിച്ച മൻസിയ ഇതേ നിലപാടുകള്ളവരുമായി ചേർന്നു നിന്ന ഭർത്താവിനെ ന്യായീകരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് ആരോപണം. ജനാധിപത്യ ബോധമുള്ള ഒരാളുടെ യുക്തിയാണെങ്കിൽ അതേ യുക്തി തന്നെയെല്ലേ ഇക്കാര്യത്തിൽ ക്ഷേത്ര ഭാരവാഹികളുടെ നിലപാടിനെ പിന്തുണച്ചവരുടേതും എന്നാണ് ചോദ്യം ഉയരുന്നത്.

You may also like ....

Leave a Reply

Your email address will not be published.