
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിൽ വീണ്ടും ചുഴലിക്കാറ്റ് വീശി. ജഅ്ലാൻ ബാനി ബു അലി വിലായത്തിൽ ഞായറാഴ്ച ഉച്ചക്കുശേഷമായിരുന്നു സംഭവം. 48 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ചുഴലിക്കാറ്റ് വീശുന്നത്. ഇടിമിന്നലിന്റെ അകമ്പടിയോടെയായിരുന്നു ചുഴലിക്കാറ്റെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വീശിയടിക്കുന്ന ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ സ്വദേശികളും വിദേശികളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.ശനിയാഴ്ച ഖാരിഹ് മേഖലയിലുണ്ടായ ചുഴലിക്കാറ്റിൽ ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു.
നിരവധി വസ്തുവകകൾക്ക് നാശം നേരിട്ടതായും റിപ്പോർട്ടുണ്ട്. ചുഴലിക്കാറ്റിന് അകമ്പടിയായി കനത്ത മഴയും പ്രദേശത്തുണ്ടായിരുന്നു. അരമണിക്കൂറോളം നീണ്ടുനിന്ന മഴയിൽ റോഡുകളിലും മറ്റും വെള്ളം കയറുകയും ചെയ്തു. ഒട്ടകങ്ങളും ആടുകളുമുൾപ്പെടെ നിരവധി വളർത്തു മൃഗങ്ങൾക്ക് ജീവഹാനി സംഭവിച്ചതായി പ്രദേശവാസികൾ പറഞ്ഞു.

