ഡീഗോ മറഡോണക്കെതിരെ ബലാത്സംഗ ആരോപണവുമായി ക്യൂബൻ വനിത

അന്തരിച്ച അർജന്റീനിയൻ ഫുട്ബോൾ താരം ഡീഗോ മറഡോണക്കെതിരെ ബലാത്സംഗ ആരോപണവുമായി ക്യൂബൻ വനിത. മാവിസ് അൽവാരസ് റെഗോ എന്ന 37 വയസുകാരിയായ സ്ത്രീയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 20 വർഷം മുമ്പ്, മാവിസ് അൽവാരസ് റെഗോക്ക് പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഡീഗോ മറഡോണയുമായി ബന്ധമുണ്ടായിരുന്നു. ഈ കാലയളവിൽ ബലാത്സംഗം ഉൾപ്പെടെയുള്ള ശാരീരിക പീഡനങ്ങളും ഇഷ്ടത്തിന് വിരുദ്ധമായി പിടിച്ചുവയ്ക്കലും മറഡോണക്കെതിരെയും അദ്ദേഹത്തിന്റെ പരിവാരത്തിനെതിരെയും മാവിസ് ആരോപിച്ചു.

ഒരു വർഷം മുമ്പ് തന്റെ 60-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നാണ് മറഡോണ മരിച്ചത്. ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന മറഡോണ 1986ലെ ലോകകപ്പ് അർജന്റീനയ്ക്ക് നേടികൊടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.

ഇപ്പോൾ മിയാമിയിൽ താമസിക്കുന്ന മാവിസ് അൽവാരസ് റെഗോ, 16-ാം വയസ്സിലാണ് മറഡോണയെ കണ്ടുമുട്ടിയതെന്ന് ബ്യൂണസ് അയേഴ്‌സിലെ മാധ്യമങ്ങളോട് പറഞ്ഞു. ആ സമയത്ത് നാല്പതു വയസുണ്ടായിരുന്ന ഡീഗോ മറഡോണ ലഹരി മരുന്നിന്റെ ആസക്തിയിൽ നിന്നും മുക്തി നേടാനുള്ള ചികിത്സയ്ക്കായി ക്യൂബയിൽ താമസിക്കുകയായിരുന്നു. മറഡോണയുമായി വളരെ വേഗം പ്രണയത്തിലായെന്നും എന്നാൽ രണ്ട് മാസത്തിന് ശേഷം കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞെന്നും മാവിസ് അൽവാരസ് പറയുന്നു. മറഡോണ തന്നെ കൊക്കെയ്ൻ ഉപയോഗിക്കാൻ ശീലിപ്പിച്ചെന്നും ഇത് തനിക്ക് മറഡോണയിൽ ആശ്രിതത്വം വളർത്തിയെന്നും മാവിസ് ആരോപിക്കുന്നു.

“ഞാൻ അയാളെ സ്നേഹിച്ചു, എന്നാൽ അതെ പോലെ വെറുക്കുകയും ചെയ്തു, ആത്മഹത്യയെക്കുറിച്ച് പോലും ഞാൻ ചിന്തിച്ചു,” മാവിസ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ 15ഉം നാലും വയസുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് മാവിസ് അൽവാരസ് റെഗോ. മറഡോണയുമായുള്ള തന്റെ ബന്ധം അഞ്ചു വർഷത്തോളം നീണ്ടുനിന്നിരുന്നുവെന്നും എന്നാൽ ഈ സമയത്ത് താൻ ശാരീരിക പീഡനത്തിന് ഇരയായെന്നും മാവിസ് പറഞ്ഞു.

2001-ൽ മറഡോണയ്‌ക്കൊപ്പം ബ്യൂണസ് അയേഴ്‌സിലേക്കുള്ള ഒരു യാത്രയ്‌ക്കിടെ, മറഡോണയുടെ പരിവാരം ഒരു ഹോട്ടലിൽ ആഴ്ചകളോളം തന്റെ ഇഷ്ടത്തിനു വിരുദ്ധമായി തന്നെ തടഞ്ഞുനിർത്തി, തനിച്ച് പുറത്തിറങ്ങുന്നത് വിലക്കി, സ്‌തനവളർച്ച ഓപ്പറേഷന് നിർബന്ധിച്ചുവെന്നും അവർ ആരോപിച്ചു. മറ്റൊരു അവസരത്തിൽ ഹവാനയിലെ അവരുടെ വീട്ടിൽ വെച്ച് മറഡോണ തന്നെ ബലാത്സംഗം ചെയ്‌തതായും ശാരീരിക പീഡനത്തിന്റെ മറ്റ് നിരവധി അനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്നും മാവിസ് ആരോപിച്ചു.

മാവിസ് സ്വയം പരാതി നൽകിയിട്ടില്ലെങ്കിലും അർജന്റീനിയൻ എൻജിഒ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് ഈ ആഴ്ച ബ്യൂണസ് ഐറിസിൽ അർജന്റീന പ്രോസിക്യൂട്ടർക്ക് മുമ്പാകെ തെളിവ് നൽകും. കഴിഞ്ഞ ആഴ്ച അമേരിക്കൻ മാധ്യമങ്ങളിൽ മാവിസിന്റെ മറഡോണക്കെതിരായ ആരോപണം കണ്ടതിന് ശേഷമാണ് “ഫൗണ്ടേഷൻ ഫോർ പീസ്” എന്ന് വിളിക്കപ്പെടുന്ന സംഘടന പരാതി നൽകിയത്. മനുഷ്യക്കടത്ത്, സ്വാതന്ത്ര്യം ഹനിക്കൽ, നിർബന്ധിത അടിമത്തം, ആക്രമണം, ശാരീരിക പീഡനം എന്നിവയുമായി ബന്ധപ്പെട്ടതാണ് പരാതി.

മറഡോണയുടെ പരിവാരങ്ങളിൽ ഉൾപ്പെട്ട അഞ്ച് അംഗങ്ങളും തങ്ങളുടെ അഭിഭാഷകർ മുഖേന ആരോപണങ്ങൾ നിഷേധിച്ചു. ഒരാൾ എൻജിഒയ്‌ക്കെതിരെ മാനനഷ്ടത്തിന് പരാതി നൽകിയിട്ടുണ്ട്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *