കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിൽ;നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ പൊലീസിന് നിര്‍ദേശം

കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ പൊലീസിന് നിര്‍ദേശം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ എക്‌സിറ്റ്, എന്‍ട്രി വഴികള്‍ പൊലീസിന് തീരുമാനിക്കാം. ഏതെങ്കിലും പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആവശ്യമായി വന്നാല്‍ അടിയന്തര നടപടി എടുക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിവേഗം രോഗവ്യാപനം നടക്കുന്ന പ്രദേശങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പലരും പാലിക്കാതെ വന്നതോടെയാണ് പൊലീസിന് കൂടുതല്‍ അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

കണ്ടെയിന്‍മെന്റ് സോണുകളിലുള്‍പ്പടെ മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം ഉറപ്പാക്കല്‍, അനാവശ്യ യാത്രകളുടെ നിയന്ത്രണം തുടങ്ങി രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പൊലീസ് ഉറപ്പ് വരുത്തണം. ഏതെങ്കിലും പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആവശ്യമായി വന്നാല്‍ ജില്ലാ പൊലീസ് മേധാവി ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും നിര്‍ദേശമുണ്ട്. ഗ്രാമീണ – മലയോര മേഖലകളില്‍ പലയിടത്തും നിയന്ത്രണങ്ങള്‍ പാലിക്കാതെ കടകളിലുള്‍പ്പടെ വലിയ തിരക്കാണ് നിലവില്‍ അനുഭവപ്പെടുന്നത്. സാമൂഹിക അകലമടക്കമുള്ളവ പലയിടങ്ങളിലും നിലവില്‍ പാലിക്കപ്പെടുന്നില്ല. നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതോടെ പൊലീസ് പരിശോധന വ്യാപകമാക്കും. ഇതോടെ കണ്ടെയിന്‍മെന്റ് സോണുകളിലുള്‍പ്പടെ രോഗവ്യാപനം കുറയ്ക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിള്ള പ്രദേശത്തും കണ്ടെയിന്‍മെന്റ് സോണുകളിലും എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ പൊലീസിന് തീരുമാനിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *