താമരശ്ശേരി: കൊള്ളപ്പലിശയ്ക്ക് കോടിക്കണക്കിന് രൂപ നല്‍കി നിരവധിയാളുകളുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത അനധികൃത പണമിടപാടുകാരനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുവേണ്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
ബാലുശ്ശേരി പാലക്കുളം പി.എം. ചാക്കോ എന്ന ചാക്കോളാസിനെ(57)യാണ് താമരശ്ശേരി ഡിവൈ.എസ്.പി. ജെയ്‌സണ്‍ കെ. എബ്രഹാം കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാളെ ചോദ്യം ചെയ്തുവരുന്നതായി ഡിവൈ.എസ്.പി. പറഞ്ഞു. ശനിയാഴ്ച വരെയാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. ബാംഗ്ലൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന ചാക്കോയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്. പേരാന്പ്ര കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിരുന്നു.
84 ശതമാനം വരെ പലിശനിരക്കില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി ഇയാള്‍ പലര്‍ക്കായി കോടിക്കണക്കിന് രൂപ നല്‍കിയിട്ടുണ്ടെന്നും നിരവധി പേരുടെ ഭൂമി തട്ടിയെടുത്തിട്ടുണ്ടെന്നുമാണ് പോലീസിന് ലഭിച്ച വിവരം. താമരശ്ശേരി പോലീസ് ഡിവിഷന്‍ പരിധിയില്‍ ഇയാള്‍ക്കെതിരെ 11 കേസുകള്‍ നിലവിലുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യംചെയ്യുന്നതിലൂടെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.
.