ദേശീയപതാക രാജ്യത്തെ കൊടുമുടികളില്‍ പാറിച്ച്‌ ആര്യ നിര്‍മലും , അനിഷ്മയും

ദേശീയപതാക രാജ്യത്തെ കൊടുമുടികളില്‍ പാറിച്ച്‌ തലസ്ഥാനത്തിന്‍റെ പെണ്‍മക്കള്‍. തിരുവനന്തപുരം ഒന്നാം കേരള വനിത ബറ്റാലിയനിലെ എൻ.സി.സി കേഡറ്റുകളായ ആര്യ നിര്‍മല്‍, അനിഷ്മ എസ്.അനില്‍ എന്നിവരാണ് നാടിനും രാജ്യത്തിനും അഭിമാനമായത്.

ഹിമാചല്‍പ്രദേശിലെ 6111 മീറ്റര്‍ ഉയരത്തിലുള്ള യുനം കൊടുമുടിയാണ് വര്‍ക്കല ഇടവ സ്വദേശി ആര്യ നിര്‍മല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതെങ്കില്‍ ഉത്തരാഖണ്ഡിലെ ദൊക്രാണി ഗ്ലയ്സിയറിലെ 14,800 അടി ഉയരമുള്ള ഹുറാ ടോപ്പാണ് നെടുമങ്ങാട് പറണ്ടോട് സ്വദേശിയായ അനിഷ്മ എസ്. അനില്‍ കീഴടക്കിയത്.

വഴുതക്കാട് ഗവ. വനിത കോളജിലെ അവസാന വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിയായ ആര്യ കഴിഞ്ഞ വര്‍ഷം എൻ.സി.സിയിലൂടെ ഉത്തരാഖണ്ഡിലെ നെഹ്‌റു പര്‍വതാരോഹണ നിലയത്തില്‍ നിന്ന് ബേസിക്ക് മൗണ്ടനീയറിങ് കോഴ്സ് ആല്‍ഫ ഗ്രേഡോടെ പൂര്‍ത്തിയാക്കിയിരുന്നു. 2022 ലെ എൻ.സി.സി രക്ഷ രാജ്യ മന്ത്രി കമന്‍റേഷൻ അവാര്‍ഡ് ജേതാവുകൂടിയ ഈ മിടുക്കി ലോട്ടറി തൊഴിലാളിയായ നിര്‍മല്‍ -ജയലേഖ ദമ്ബതികളുടെ മകളാണ്.

വഴുതക്കാട് ഗവ. വനിത കോളേജിലെ രണ്ടാം വര്‍ഷ ചരിത്ര വിഭാഗം ബിരുദ വിദ്യാര്‍ഥിനിയായ അനിഷ്മ നെഹ്രു പര്‍വതാരോഹണ നിലയത്തില്‍ നിന്നാണ് പ്രഥമ പരിശീലനം നേടിയത്. റോക്ക് ക്ലൈംബിങ്, മാപ്പ് റീഡിങ്, ശാരീരികക്ഷമത, കാലാവസ്ഥ തരണംചെയ്യല്‍ തുടങ്ങിയവയില്‍ മികച്ച പ്രകടനം നടത്തിയതോടെ മഞ്ഞുമലകള്‍ നിറഞ്ഞ ഹുറാടോപ്പിലേക്ക് അനിഷ്കയെ കേന്ദ്ര പ്രതിരോധ മന്ത്രാലയം അയക്കുകയായിരുന്നു.

അനിക്കുട്ടൻ-ഷൈനി ദമ്ബതികളുടെ മകളാണ്. ലക്ഷ്യം പൂര്‍ത്തിയാക്കി തിരികെ ഇറങ്ങിയ ഇരുവരെയും ഒന്നാം കേരള വനിത ബറ്റാലിയൻ കമാൻഡിങ് ഓഫീസര്‍ കേണല്‍ വിനീത് മിഥ അനുമോദിച്ചു. വരുംദിവസങ്ങളില്‍ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റും ഇരുവരെയും ആദരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *