അരിക്കൊമ്പൻ ദൗത്യം പ്രതിസന്ധിയിൽ;ലൊക്കേറ്റ് ചെയ്യാന്‍ തീവ്ര ശ്രമം

വനം വകുപ്പിന്റെ അരിക്കൊമ്പന്‍ ദൗത്യം നീളുന്നു. അരിക്കൊമ്പനെ കാണാതായതോടെ ആനയെ ലൊക്കേറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് ദൗത്യ സംഘം. പുലര്‍ച്ചെ നാലരയോടെയാണ് ദൗത്യം ആരംഭിച്ചത്. വനം വകുപ്പ് ജീവനക്കാര്‍, മയക്കുവെടി വിദഗ്ധന്‍ ഡോ.അരുണ്‍ സക്കറിയ, വെറ്ററിനറി സര്‍ജന്‍മാര്‍, കുങ്കിയാനകളുടെ പാപ്പാന്മാര്‍ ഉള്‍പ്പെടെ 150 പേരാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.

ആന നില്‍ക്കുന്ന സ്ഥലം നിര്‍ണയിക്കാന്‍ ചുമതലപ്പെടുത്തിയ ആദ്യസംഘം പുലര്‍ച്ചെ നാലേമുക്കാലോടെ കാട്ടിലേക്ക് തിരിച്ചു. ഈ സംഘം 6.20ഓടെ ആന നില്‍ക്കുന്ന സ്ഥലം നിര്‍ണയിച്ച് മയക്കുവെടി വയ്ക്കാനുള്ള രണ്ടാം സംഘം ദൗത്യത്തിനായി രംഗത്തിറങ്ങി. ആറരയോടെ കുങ്കിയാനകളും എത്തി.സിമന്റ് പാലം പ്രദേശത്ത് അരിക്കൊമ്പന്‍ നില്‍ക്കുന്നതായി കണ്ടെത്തി. മയക്കുവെടി വയ്ക്കാനുള്ള സംഘം സജ്ജമായെങ്കിലും അരിക്കൊമ്പന്‍ മറ്റ് ആനകള്‍ക്കൊപ്പം എത്തിയത് പ്രതിസന്ധി സൃഷ്ടിച്ചു. പടക്കം പൊട്ടിച്ച് ആനകളെ അകറ്റാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു.

അതേസമയം, പിടികൂടിയാല്‍ അരിക്കൊമ്പനെ എങ്ങോട്ടു മാറ്റുമെന്നത് വനംവകുപ്പ് ഇനിയും പുറത്തുവിട്ടിട്ടില്ല. രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നാണ് വിശദീകരണം. പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് കൂടുതല്‍ സാധ്യത.ഇന്ന് ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസവും ശ്രമം തുടരുമെന്നു കോട്ടയം ഡിഎഫ്ഒ എന്‍.രാജേഷ് വ്യക്തമാക്കി. ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദൗത്യം പൂര്‍ത്തിയാകും വരെയാണ് നിയന്ത്രണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *