അനില്‍ ചൗഹാന്‍ പുതിയ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റു

ലഫ്. ജനറല്‍ (റിട്ട.) അനില്‍ ചൗഹാന്‍ പുതിയ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റു. ഡല്‍ഹിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന ചടങ്ങിലാണ് ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ചുമതല ഏറ്റെടുത്തത്. ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് ജനറല്‍ ചൗഹാന്‍ ചുമതലയേറ്റത്.

പുതിയ നിയോഗത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും അനില്‍ ചൗഹാന്‍ നന്ദി പറഞ്ഞു. രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികള്‍ മറികടക്കാനുള്ള നടപടികള്‍ക്ക് ഊന്നല്‍ നല്‍കും. എല്ലാ പ്രതിബന്ധങ്ങളെയും നമ്മള്‍ മറികടക്കും. അഭിമാനത്തോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നത്. മൂന്ന് സേനകളുടെയും ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്. പ്രഥമ സിഡിഎസ് ആയിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് മരിച്ച് 9 മാസങ്ങള്‍ക്ക് ശേഷമാണ് ആ സ്ഥാനത്തേക്ക് ലെഫ്. ജനറല്‍ അനില്‍ ചൗഹാനെ നിയമിക്കുന്നത്. സിഡിഎസിനൊപ്പം സൈനികകാര്യ സെക്രട്ടറി പദവിയും ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ വഹിക്കും.

കരസേനയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ആയും അനില്‍ ചൗഹാന് പ്രവര്‍ത്തനപരിചയമുണ്ട്. നാഗാലാന്‍ഡിലെ ദിമാപുര്‍ ആസ്ഥാനമായുള്ള സേനാ കമാന്‍ഡ് (സ്പിയര്‍ കോര്‍) മേധാവിയുമായിരുന്നു. സൈനിക സേവനത്തിലെ മികവിനു അദ്ദേഹത്തിനു കീര്‍ത്തിചക്ര നല്‍കിയിരുന്നു. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *