പത്തനംതിട്ട: ആറന്മുള വിമാനത്താവളം പ്രമാണിമാര്‍ക്ക് ആകാശ സഞ്ചാരത്തിനു വേണ്ടിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യൂതാനന്ദന്‍. ഈ പ്രമാണിമാര്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ സ്വാധീനിക്കുന്നു. ആറന്മുളയില്‍ വിമാനമിറക്കാനുളള എല്ലാ ഗൂഢ നീക്കങ്ങളെയും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ വിലയ്ക്ക് വാങ്ങാനാണ് കുത്തകമുതലാളിമാര്‍ ശ്രമിക്കുന്നതെന്നും വി എസ് പറഞ്ഞു. വിമാനത്താവള പദ്ധതിക്കെതിരെ അനിശ്ചിതകാല സത്യഗ്രഹസമരം തുടങ്ങിയ ശേഷം ഇതാദ്യമായാണ് വി എസ് സമരവേദിയില്‍ എത്തുന്നത്.
ആറന്‍മുളയിലെ ജനങ്ങള്‍ കൃഷിയും നെല്‍വയലുകളും സംരക്ഷിക്കാനുളള പോരാട്ടത്തിലാണെന്ന് വി എസ് പറഞ്ഞു. ഈ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും നല്‍കണം. സമരം എത്രനാള്‍ നീണ്ടുപോയാലും ജനങ്ങളുടെ ജീവനും കൃഷിയും സംരക്ഷിക്കപ്പെടണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.