മുംബൈ: അപകടത്തില്‍പ്പെട്ട ഐ എന്‍ എസ് സിന്ധുരത്‌ന മുങ്ങിക്കപ്പലിലെ രണ്ട് നാവികരും മരിച്ചതായി സ്ഥിരീകരിച്ചു. ലഫ്. കമാന്‍ഡര്‍ കപിഷ് മുവാല്‍, ലഫ്. മനോരഞ്ജന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. മുങ്ങിക്കപ്പലിലെ അടച്ചിട്ട മുറിയില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കപ്പല്‍ മുംബൈ തീരത്തേയ്ക്ക് കൊണ്ടുവന്ന് തിരച്ചില്‍ നടത്തിയിരുന്നു. അടച്ചിട്ട ചേംബറിനുള്ളിലാകാം രണ്ട് നാവികരുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ചേംബര്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മുങ്ങിക്കപ്പല്‍ ഇന്ന് രാവിലെയാണ് മുംബൈ തീരത്തെത്തിച്ചത്. അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തിയ നാവികരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അറ്റകുറ്റപണികള്‍ക്ക് ശേഷം പ്രവര്‍ത്തനക്ഷമത പരീക്ഷിക്കുന്നതിനാണ് മുംബൈ തീരത്തുനിന്ന് അന്തര്‍വാഹിനി പുറപ്പെട്ടത്. അമ്പത് കിലോമീറ്ററോളം അകലെയെത്തിയപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നാവികസേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷി രാജിവെച്ചിരുന്നു.