
കൊല്ലം: ശാസ്താംകോട്ടയിലെ ശൂരനാട്ടിലെ കശുവണ്ടി തൊഴിലാളിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ.ഊന്നുകൽ പള്ളിക്ക് സമീപം ബിജു ഭവനിൽ ബിജുവാണ് (47) അറസ്റ്റിലായത്. ഭാര്യ വീടായ കരുനാഗപ്പള്ളി തൊടിയൂർ വില്ലേജിൽ തൊടിയൂർ വടക്ക് വല്ലാറ്റൂർ വടക്കതിൽ വീട്ടിൽ നിന്നാണ് ബിജുവിനെ ശൂരനാട് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 29ന് വൈകിട്ട് 5.30ഓടെ ശൂരനാട് വടക്ക് ഇടപ്പനയം കൃപാ കാഷ്യു ഫാക്ടറിയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ ചന്ദ്രികയുടെ ഒരു പവന്റെ മാലയാണ് മോഷ്ടിച്ചത്. സ്കൂട്ടർ കേടായതായി പറഞ്ഞ് വാഹനത്തിൽ നിന്ന് ഇറങ്ങിയ ശേഷം കശുഅണ്ടി തൊഴിലാളിയുടെ മാല പൊട്ടിക്കുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.പോരുവഴി പെരുവിരുത്തി മലനടയിൽ വച്ച് ഇടയ്ക്കാട് ലീലാഭവനംവീട്ടിൽ വാസുദേവന്റെ ഭാര്യ ലീലാമ്മയുടെ രണ്ടര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചകേസിലെ പ്രതിയും ഇയാളാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
