സൗദിയില്‍ പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി

സൗദിയില്‍ അനധികൃതമായി കഴിയുന്ന വിദേശികള്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ ഒരു മാസത്തെ അവസരം കൂടി ലഭിക്കും. ഞായറാഴ്ച മുതല്‍ മുപ്പത് ദിവസത്തേക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താമെന്ന് റിയാദ് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

പിഴയും ജയില്‍ ശിക്ഷയും പുനഃപ്രവേശ വിലക്കുമില്ലാതെ മടങ്ങാന്‍ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസം കൂടി ഉപയോഗപ്പെടുത്താമെന്ന് എംബസി വെല്‍ഫെയര്‍ കോണ്‍സുലര്‍ അനില്‍ നൊട്ട്യാല്‍ അറിയിച്ചു. നാളെ മുതല്‍ ഒരു മാസത്തേക്കാണ് വീണ്ടും അവസരം ലഭിക്കുക. എന്നാല്‍ പൊതുമാപ്പ് നീട്ടിയതുമായി ബന്ധപ്പെട്ട് സൗദി അധികൃതരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഇളവ് പ്രയോജനപ്പെടുത്താന്‍ അവസരം ലഭിക്കാത്ത അനധികൃതര്‍ക്ക് രാജ്യം വിടാന്‍ അധികൃതര്‍ ഒരിക്കല്‍ കൂടി നല്‍കുന്ന അവസരം അതാത് എംബസികളെ അറിയിച്ച് നടപ്പാക്കാനാണ് തീരുമാനമെന്ന് കരുതുന്നു. അംബാസഡര്‍ അഹമ്മദ് ജാവേദ് സൗദി തൊഴില്‍ സഹമന്ത്രി അദ്‌നാന്‍ അബ്ദുല്ല അല്‍നുഐമിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാജ്യത്തുള്ള ഇന്ത്യന്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

അതിര്‍ത്തി നുഴഞ്ഞുകയറ്റക്കാരും ഇഖാമ, തൊഴില്‍ നിയമലംഘകരുമായ ആളുകള്‍ക്ക് സാമ്ബത്തിക പിഴയും ജയില്‍ ശിക്ഷയും കൂടാതെ നാടുവിടാനുള്ള അവസരവുമാണ് വീണ്ടും ലഭിക്കുന്നത്. നീട്ടിയ അവസരം പ്രയോജനപ്പെടുത്താന്‍ വേണ്ട ഒരുക്കങ്ങള്‍ എംബസി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച് 29നാണ് ആദ്യ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂണ്‍ 24 വരെയായിരുന്ന കാലാവധി പിന്നീട് ഒരുമാസം കൂടി നീട്ടിയിരുന്നു. നാലുമാസത്തെ പൊതുമാപ്പ് കാലയളവില്‍ ഏഴ് ലക്ഷത്തോളം ആളുകള്‍ ആനുകൂല്യം ഉപയോഗപ്പെടുത്തി. ഇതില്‍ അരലക്ഷം പേര്‍ ഇന്ത്യാക്കാരാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *