സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കും; മുന്നറിയിപ്പുമായി ആരോഗ്യ വിദ‌ഗ്ദ്ധര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുളള ദിവസങ്ങളില്‍ കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കുമെന്ന് സൂചന നല്‍കി ആരോഗ്യ വിദഗ്ദ്ധര്‍. രോഗബാധിതരില്‍ എല്ലാ പ്രായ പരിധിയില്‍ പെട്ടവര്‍ക്കും മരണം സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്. അണ്‍ലോക്കിന്റെ ഘട്ടത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ വരുന്ന ഇളവിനെ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നോക്കികാണുന്നത്.

രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ വരും ആഴ്ചകള്‍ നിര്‍ണായകമാണെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം വരെയുളള ഔദ്യോഗിക കണക്ക് അനുസരിച്ച്‌ 592 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരില്‍ 70 ശതമാനവും അറുപത്‌ വയസിന് മുകളിലുള്ളവരാണ്. മരിച്ചവരില്‍ 22 ശതമാനം യുവാക്കളും 25 ശതമാനം മദ്ധ്യവയസ്കരുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഒരു വയസിനും 17 വയസിനുമിടയിലുള്ള മൂന്ന് പേരും 18 വയസിനും 40നും ഇടയിലുള്ള 26 പേരും 41നും 59നും ഇടയിലുള്ള 138 പേരും കൊവിഡ് ബാധിച്ച്‌ മരിച്ചു.

60വയസിന് മുകളിലുളള 405 പേരാണ് മരണത്തിന് കീഴടങ്ങിയത്. മരിച്ചവരില്‍ 72.73 ശതമാനം പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗബാധ. ഉറവിടമറിയാതെ രോഗബാധിതരായ 23 ശതമാനം പേരാണ് സംസ്ഥാനത്ത് മരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *