സംസ്ഥാനത്തെ ആദ്യത്തെ ആറുവരി പാത വെങ്ങളം – രാമനാട്ടുകര ബൈപ്പാസ് നിര്‍മ്മാണം സെപ്റ്റംബറില്‍

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ആറുവരി പാതയായ വെങ്ങളം- രാമനാട്ടുകര ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ജില്ലാ കലക്ടര്‍ യുവി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിര്‍മാണ പ്രവൃത്തികള്‍ വരുന്ന സെപ്തംബര്‍ 9ന് ആരംഭിക്കും. 2020 സെപ്തംബര്‍ 8ന് പൂര്‍ത്തിയാക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുക. നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കും മുമ്ബ് തന്നെ എല്ലാ വകുപ്പുകളും എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കും മുമ്പ്‌ ബന്ധപ്പെട്ട ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനമായി. തഹസില്‍ദാര്‍ ഇ അനിത കുമാരി, ഡിപി ആര്‍ കസണ്‍സല്‍ട്ടന്റ് ആര്‍. രാജ്കുമാര്‍, പിഐയു പ്രൊജക്‌ട് ഓഫിസര്‍ എന്‍എം സേദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

നിലവില്‍ നാലു വരിയാണ് 28 കിലോ മീറ്റര്‍ ദൂരമുള്ള ബൈപ്പാസ്. ഇതിന്റെ കൂടെ രണ്ടുവരി കൂടിയാണ് കൂടിച്ചേര്‍ക്കുന്നത്. കിലോ മീറ്ററിന് 48 കോടി രൂപയാണ് എസ്റ്റിമേറ്റ്. രണ്ടു വരിപ്പാതയ്ക്ക് ആറു കോടി രൂപയാണ് ദേശീയ ശരാശരി. നാലു വരിപ്പാതയ്ക്കു 8-9 കോടിയും ആറു വരിയ്ക്ക് 14 കോടിയുമാണ്. കേരളത്തിലെ ഭൂമി വിലയും അടിക്കടി ഫ്ളൈ ഓവര്‍ പോലുള്ള അനുബന്ധ സംവിധാനങ്ങളും നിര്‍മാണച്ചലവുമാണ് എസ്റ്റിമേറ്റ് ഉയര്‍ത്തി രാജ്യത്തെ ഏറ്റവും ചെലവേറിയ റോഡാക്കി ബൈപ്പാസിനെ മാറ്റുന്നത്.

കോഴിക്കോടിന്റെ മുഖഛായ തന്നെ ഇതിനകം മാറ്റിക്കഴിഞ്ഞ ബൈപ്പാസ് ആറു വരിയാകുന്നതോടെ വീതി 45 മീറ്ററായി ഉയരും. ഇതോടൊപ്പം പരമാവധി അഞ്ചു മീറ്റര്‍ വീതിയില്‍ സര്‍വിസ് റോഡും നടുവില്‍ നാലര മീറ്ററില്‍ ഡിവൈഡറുമുണ്ടാകും. രാമനാട്ടുകര, പന്തീരാങ്കാവ്, മെട്രൊ ആശുപത്രി, തൊണ്ടയാട്, മലാപറമ്ബ്, പൂളാടിക്കുന്ന്, വെങ്ങളം എിവിടങ്ങളില്‍ ഫ്ളൈ ഓവറുകള്‍ നിര്‍മിക്കും. അമ്ബലപ്പടി, കൂടത്തുംപാറ തുടങ്ങിയ ഇടങ്ങളില്‍ അണ്ടര്‍പാസും ഉണ്ടായിരിക്കും.

ഹൈബ്രിഡ് ആന്യുറ്റി എ സ്കീമിലാണ് നിര്‍മാണം. നിര്‍മാണ കാലയളവില്‍ ചെലവിന്റെ 40 ശതമാനം സര്‍ക്കാര്‍ കൊടുക്കും. ബാക്കി കരാറുകാരാണ് ചെലവഴിക്കേണ്ടത്. വര്‍ഷം രണ്ടു ഗഡു വീതം 15 കൊല്ലംകൊണ്ട് നിര്‍മാണത്തുക സര്‍ക്കാര്‍ കരാറുകാര്‍ക്ക് നല്‍കും. പണം കണ്ടെത്താന്‍ ദേശീയപാതാ അഥോറിറ്റി സ്വന്തം നിലയില്‍ ടോള്‍ പിരിക്കും. ആയിരം കോടിക്കു മേലുള്ള എല്ലാ റോഡ് പ്രവൃത്തികള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ സാമ്ബത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയുടെ അനുമതി ആവശ്യമായതിനാലാണ് നടപടികള്‍ നീണ്ടുപോയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *