ആദ്യ മണിക്കൂറിൽ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ. എൻകെ പ്രേമചന്ദ്രൻ, സുനിൽ കുമാർ, മുകേഷ്, സുരേഷ് ഗോപി, കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, കെസി വേണുഗോപാൽ, ജി കൃഷ്ണകുമാർ, സി രവീന്ദ്രനാഥ്, അനിൽ ആന്റണി, ഷാഫി പറമ്പിൽ, കെകെ ശൈലജ തുടങ്ങിയ സ്ഥാനാർത്ഥികൾ വോട്ട് രേഖപ്പെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ, ഇപി ജയരാജൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി തങ്ങൾ തുടങ്ങി പ്രമുഖ നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. പോളിംഗ് തുടങ്ങി രണ്ട മണിക്കൂറുകൾ പിന്നിടുമ്പോൾ 7.21 ശതമാനമാണ് പോളിംഗ്.അതേസമയം വോട്ടിങ് യന്ത്രം തകരാറിലായി പലയിടത്തും വോട്ടിങ് തടസപ്പെട്ടു.

തിരുവനന്തപുരം മണ്ഡലത്തിലെ നെയ്യാറ്റിന്‍കരയില്‍ അഞ്ചിടത്ത് തകരാറുണ്ടായി. കണ്ണൂരില്‍ നാലിടത്ത് വോട്ടിങ് യന്ത്രം തകരാറിലായി. പത്തനംതിട്ടയില്‍ നാലുബൂത്തുകളിലും വടകര മണ്ഡലത്തില്‍ വാണിമേലില്‍ രണ്ടു ബൂത്തുകളിലും യന്ത്രം തകരാറിലായി. ഫറോക്ക് വെസ്റ്റ് നല്ലൂരില്‍ വോട്ടിങ് തടസ്സപ്പെട്ടു. വടകര മാക്കൂല്‍പീടിക 110ാം നമ്പര്‍ ബൂത്തിലും പാലക്കാട് പിരിയാരി 123–ാം നമ്പര്‍ ബൂത്തിലും പോളിങ് തുടങ്ങാനായില്ല.

കോഴിക്കോട് നെടുങ്ങോട്ടൂര്‍ ബൂത്ത് 84ല്‍ വോട്ടിങ് യന്ത്രം തകരാറിലായി. കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ പരിയാരം പഞ്ചായത്ത് ഇരിങ്ങൽ യുപി സ്കൂൾ 17 ബൂത്തിൽ വോട്ടിങ് യന്ത്രം പണിമുടക്കി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ 164 ചോലമുക്ക് ബൂത്തിൽ വോട്ടിംഗ് മെഷീനിൽ സാങ്കേതിക തകരാറുണ്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *