ശ്രീശാന്ത് കുറ്റവിമുക്തന്‍; വിലക്ക് ഉടന്‍ നീക്കില്ലെന്ന് ബിസിസിഐ


ദില്ലി: കോടതി കുറ്റവിമുക്തരാക്കിയ ശ്രീശാന്ത് ഉള്‍പ്പെടയുള്ള മൂന്ന് താരങ്ങളുടേയും വിലക്ക് ഉടന്‍ നീക്കിലെന്ന് ബി സി സി ഐ. അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് താരങ്ങള്‍ക്കെതിരേയും വിലക്ക് ഏര്‍പ്പെടുത്തിയത്. കേസിന്റേയോ ക്രിമിനല്‍ നടപടിയുടേയോ അടിസ്ഥാനത്തില്‍ വിലക്ക് ഉടന്‍ നീക്കാനാകില്ലെന്നും ബി സി സി ഐ അറിയിച്ചു.


ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരെ ദില്ലി പൊലീസ് നല്‍കിയ കുറ്റപത്രത്തില്‍ പറയുന്ന തെളിവുകള്‍ അപര്യാപ്തമാണെന്നു കോടതി കണ്ടെത്തിയാണ് മൂവരെയും കുറ്റ വിമുക്തരാക്കിയത്. ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളായിരുന്നു കുറ്റപത്രത്തില്‍ ചുമത്തിയിരുന്നത്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം(മക്കോക്ക) പ്രകാരമുള്ള വകുപ്പുകളും റദ്ദാക്കി. 6000 പേജുള്ള കുറ്റപത്രത്തില്‍ 39 പ്രതികളുണ്ടായിരുന്നു.


ഐ പി എല്ലിന്റെ ആറാം സീസണില്‍ വാതുവയ്പ്പുകാരുമായി ചേര്‍ന്നു പണംവാങ്ങി ഒത്തുകളിച്ചെന്നായിരുന്നു ശ്രീശാന്തിനെതിരേ ചുമത്തിയ കുറ്റം. ഇതേത്തുടര്‍ന്ന് 2013 മുതല്‍ ശ്രീശാന്തിനെ ക്രിക്കറ്റില്‍നിന്നു ബി സി സി ഐ വിലക്കിയിരിക്കുകയാണ്.

വിധി പ്രസ്താവം മാറ്റിവയ്ക്കണെന്നു ദില്ലി പൊലീസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത് ഏറെ നാടകീയ സംഭവങ്ങള്‍ക്കു വഴിവച്ചിരുന്നു. ഉച്ചയ്ക്കു വിധിപറയാന്‍ ചേര്‍ന്ന കോടതി അതു വൈകിട്ടത്തേക്കു മാറ്റിവച്ചു. ശ്രീശാന്ത് അടക്കമുള്ളവര്‍ ഏറെ സംഘര്‍ഷമനുഭവിച്ച നിമിഷങ്ങളായിരുന്നു ഇത്. ഒടുവില്‍ വൈകിട്ടു 4.35 ഓടെ കുറ്റപത്രംതന്നെ റദ്ദാക്കുന്നതായി ജഡ്ജി വിധി പറയുകയായിരുന്നു.

ഐപിഎല്‍ കേസില്‍ അന്വേഷണം നടത്തിയ രാജസ്ഥാന്‍, ചെന്നൈ പൊലീസുകളുടെ അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍കൂടി കുറ്റപത്രത്തിന്റെ ഭാഗമാക്കാനുണ്ടെന്നറിയിച്ചാണ് ദില്ലി പൊലീസിന്റെ അഭിഭാഷകന്‍ വിധി പറയുന്നതു മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ഥിച്ചത്. എന്നാല്‍ കോടതി ഇതു തള്ളി.



Sharing is Caring