ലോക്സഭാ സീറ്റിനായി നീക്കം ശക്തമാക്കി പിജെ ജോസഫ്: കേരള കോണ്‍​ഗ്രസില്‍ ആശയക്കുഴപ്പം

കോട്ടയം:ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ കൂടാതെ ഒരു സീറ്റ് കൂടി പിജെ ജോസഫ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം ശക്തമായിരിക്കെ രക്തസാക്ഷി ദിനത്തില്‍ പിജെ ജോസഫ് തിരുവനന്തപുരത്ത് പ്രാര്‍ത്ഥനാ യഞ്ജം നടത്തുന്നു. പിജെ ജോസഫ് ചെയര്‍മാനായ ഗാന്ധിജി സ്റ്റഡി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം നേതാക്കളും പങ്കെടുക്കും. പാര്‍ട്ടി വൈസ് ചെയര്‍മാനായ ജോസ് കെ മാണിയുടെ കേരള യാത്ര നടക്കുന്ന സമയത്ത് ജോസഫ് വിഭാഗം സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ യഞ്ജം പുതിയ രാഷ്ട്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കമാകുമോ എന്നാണ് അറിയേണ്ടത്.

കോട്ടയം സീറ്റിനൊപ്പം ഇടുക്കിയോ ചാലക്കുടിയോ കേരള കോണ്‍ഗ്രസിനു വേണമെന്ന കടുംപിടുത്തത്തിലാണ് പിജെ ജോസഫ്. ഇക്കാര്യം മുന്നണി യോഗത്തിലും ജോസഫ് ആവര്‍ത്തിച്ചിരുന്നു. കേരള കോണ്‍ഗ്രസില്‍ കെഎം മാണിയുടേയും ജോസ് കെ മാണിയുടേയും അപ്രമാദിത്യത്തിലുള്ള നീരസമാണ് ഒരു സീറ്റ് കൂടി പരസ്യമായി ചോദിക്കാന്‍ പിജെ ജോസഫിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. കേരള കോണ്ഗ്രസിന്‍റെ സീറ്റ് സംബന്ധിച്ച്‌ യുഡിഎഫ് ചര്‍ച്ച നടത്തേണ്ടത് കെഎം മാണിയോട് മാത്രമല്ല എന്ന സന്ദേശം നല്‍കാനാണ് പിജെ ജോസഫ് ശ്രമിച്ചത്.

ഇതിനിടയിലാണ് ജനുവരി 30 ന് തിരുവനന്തപുരം രക്ത സാക്ഷി മണ്ഡപത്തില്‍ പ്രാര്‍ത്ഥനാ യഞ്ജം നടത്താന്‍ പിജെ ജോസഫ് തയ്യാറെടുക്കുന്നത്. പിജെ ജോസഫ് നേതൃത്വം നല്‍കുന്ന ഗാന്ധിജി സ്റ്റഡി സെന്‍റെറാണ് മുഖ്യ സംഘാടകര്‍. പരിപാടിയില്‍ ജോസഫ് വിഭാഗത്തിലെ പ്രധാനപ്പെട്ട നേതാക്കളും പങ്കെടുക്കും. മറ്റ് പൊതു പ്രവര്‍ത്തകരേയും ക്ഷണിക്കുന്നുണ്ട്. ജോസ് കെ മാണിയുടെ കേരള യാത്ര നടക്കുമ്ബോഴാണ് ഈ പ്രാര്‍ത്ഥനാ യഞ്ജം. കേരള കോണ്‍ഗ്രസില്‍ ഭിന്നത ഉണ്ടായ കാലഘട്ടങ്ങളിലെല്ലാം ജോസഫ് വിഭാഗത്തിന്‍റെ സമാന്തര പ്രവര്‍ത്തനവേദിയായിരുന്നു ഗാന്ധിജി സ്റ്റഡി സെന്‍റര്‍ എന്നതാണ് പുതിയ നീക്കത്തെയും ശ്രദ്ധാ കേന്ദ്രമാക്കുന്നത്.

ഗാന്ധിജി സ്റ്റഡി സെന്‍ററിന്‍റെ പരിപാടിക്ക് രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് പിജെ ജോസഫ് പറയുന്നുണ്ട്. തെരഞ്ഞെടുപ്പുമായും ബന്ധമില്ലെന്നും വ്യക്തമാക്കി. എന്നാലും ജോസഫിന്‍റെ ഈ നീ്ക്കത്ത രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകാംക്ഷയോടെയാണ് നോക്കുന്നത്. കേരള കോണ്‍ഗ്രസില്‍ പുതിയൊരു ധ്രൂവീകരണത്തിന് ലോകസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം കളമൊരുക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *