ലൈഫ് മിഷനിലെ വിജിലൻസ് കേസിൽ ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും

ലൈഫ് മിഷനിലെ വിജിലൻസ് കേസിൽ ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. യു.വി ജോസിന്‍റെ ഓഫീസിലെത്തിയാകും മൊഴിയെടുക്കുക. കേസുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ രേഖകൾ നേരത്തെ വിജിലൻസ് ശേഖരിച്ചിരുന്നു. വടക്കാഞ്ചേരി പദ്ധതി കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിലും, ഹാബിറ്റാറ്റിനെ ഒഴിവാക്കി യൂണിടാക്കിനെ കരാറേൽപ്പിച്ചതിലും യു.വി ജോസിൽ നിന്ന് വ്യക്തത തേടാനാണ് മൊഴിയെടുക്കൽ. സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം തിങ്കളാഴ്ച എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകും.

അതിനിടെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പനും ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസും നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. എഫ്.സി.ആര്‍.എ ആക്ട് നിലനില്‍ക്കുമോ എന്ന് കോടതി ചോദിച്ച സാഹചര്യത്തില്‍ സി.ബി.ഐ ഇത് സംബന്ധിച്ച വിശദീകരണം കോടതിയില്‍ നല്‍കും.

റെഡ് ക്രസന്‍റില്‍ നിന്നും യൂണിടാക്ക് ധനസഹായം വാങ്ങിയത് എഫ്.സി.ആര്‍.എ ആക്ടിന്‍റെ പരിധിയില്‍ വരില്ലെന്നായിരുന്നു യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ കോടതിയില്‍ കഴിഞ്ഞ ദിവസം വാദിച്ചത്. ലൈഫ് മിഷനും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് എഫ്.സി.ആര്‍.എ ആക്ട് നിലനില്‍ക്കുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടത്.

എന്നാല്‍ എഫ്.സി.ആര്‍.എ ആക്ട് നിലനില്‍ക്കുമെന്ന വാദമാണ് കഴിഞ്ഞ തവണ കോടതിയില്‍ സി.ബി.ഐ ഉന്നയിച്ചത്. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഇന്ന് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കും. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതായാണ് സി.ബി.ഐയുടെ പറയുന്നത്. റെഡ്ക്രസന്‍റും യൂണിടാക്കും തമ്മില്‍ ഉണ്ടായ ഉപകരാറില്‍ സര്‍ക്കാരിന് യാതൊരു പങ്കും ഇല്ലെന്നാണ് ലൈഫ് മിഷന്‍റെ വാദം. ഇതില്‍ ഊന്നിയായിരിക്കും ഇന്നും നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുക. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് അടക്കം കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്ന കാര്യവും സി.ബി.ഐ കോടതിയെ അറിയിച്ചേക്കുമെന്നാണ് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *