രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തുനിന്ന് പി ജെ കുര്യന്‍ വിരമിക്കുന്നു

ന്യൂഡല്‍ഹി: പി ജെ കുര്യന്‍ വിരമിക്കുന്നു. ഇതോടെ കോണ്‍ഗ്രസിന് നഷ്ടമാകുന്നത് 41 വര്‍ഷം വഹിച്ച രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനമാണ്. കേരളത്തില്‍ നിന്നുള്ള എം.പിയായ പി.ജെ.കുര്യന്‍ ജൂലായില്‍ ആണ് വിരമിക്കുന്നത്. 1977ല്‍ കോണ്‍ഗ്രസ് നേതാവ് രാംനിവാസ് മിര്‍ധയുടെ കാലം മുതലാണ് രാജ്യസഭയുടെ ഉപാധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന്റെ എം.പിമാര്‍ക്ക് ലഭിച്ചു തുടങ്ങിയത്. 2002ല്‍ ബി.ജെ.പിയുടെ ഭൈരോണ്‍ സിംഗ് ഷെഖാവത്ത് ഉപരാഷ്ട്രപതി ആയതിന് ശേഷവും ഈ രീതി തുടര്‍ന്നു. ഉപരാഷ്ട്രപതിയാണ്, പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ അധ്യക്ഷന്‍.

ലോക്‌സഭയില്‍ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ കൈയിലല്ല. ജൂലായില്‍ കുര്യന്‍ വിരമിക്കുമ്ബോള്‍ കോണ്‍ഗ്രസിതര എം.പി ആയിരിക്കും രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തെത്തുക എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായായിരിക്കും പാര്‍ലമെന്റിലെ പ്രധാന നാല് പദവികളില്‍ കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ലാതെ പോകുന്നത്.

അതേസമയം, രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത എന്‍.ഡി.എ സര്‍ക്കാരിന് കുര്യന്റെ പിന്‍ഗാമിയെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഭൂരിപക്ഷമില്ലാത്തതിനാല്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും ബി.ജെ.പിക്ക് കഴിയില്ല. സാധാരണ, ഭരണകക്ഷിയിലെ അംഗമായിരിക്കും സ്പീക്കറോ രാജ്യസഭാ ചെയര്‍പേഴ്‌സനോ ആവുക. പ്രതിപക്ഷത്തെ ഒരംഗം ഡെപ്യൂട്ടി സ്പീക്കറും രാജ്യസഭാ ഉപാധ്യക്ഷനുമാവുകയും ചെയ്യുന്നതാണ് കീഴ് വഴക്കം.

2004ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ബി.ജെ.പിയില്‍ നിന്ന് ചരണ്‍ജിത് സിംഗ് അത് വാല്‍ ഡെപ്യൂട്ടി സ്പീക്കറായി. 2009ല്‍ കരിയ മുണ്ടയാണ് ഈ പദവിയിലെത്തിയത്. 2014ല്‍ കോണ്‍ഗ്രസിന് ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നിഷേധിച്ച ബി.ജെ.പി അത് അണ്ണാ ഡി.എം.കെയ്ക്ക് നല്‍കുകയായിരുന്നു. അതിനാല്‍ തന്നെ ഇനി കോണ്‍ഗ്രസ് ബി.ജെ.പി ഇതര സ്ഥാനാര്‍ത്ഥിയെ നിറുത്താനുള്ള സാധ്യതയും ബി.ജെ.പി ആരാഞ്ഞേക്കും.

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ സഖ്യ കക്ഷികളെ ഒപ്പം നിര്‍ത്തുന്നതിനും എഐഎഡിഎംകെ പോലെയുള്ള കക്ഷികളെ മുന്നണിയോട് അടുപ്പിക്കുന്നതിനും രാജ്യസഭാ ഉപാധ്യക്ഷ പദവി ബി.ജെ.പി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എം. തമ്ബിദുരൈയ്ക്ക് നല്‍കിയത് എഐഎഡിഎംകെയ്ക്കുള്ള നല്ലൊരു സന്ദേശമായിരുന്നു.

സര്‍ക്കാരിനെതിരെ ഇപ്പോള്‍ ലോക്‌സഭയില്‍ വന്ന അവിശ്വാസ പ്രമേയ നോട്ടീസുകള്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ കഴിയാത്ത വിധത്തില്‍ സഭ സ്തംഭിപ്പിക്കുന്നത് എഐഎഡിഎംകെയാണ്. തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കുന്നതിന് എഐഎഡിഎംകെയെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് ബി.ജെ.പി തുടര്‍ന്നുവരുന്നതും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *