കാവല്‍ക്കാരന്‍ ദുര്‍ബലന്‍: മോദിയെ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സിബിഎസ്‌ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി സര്‍ക്കാരിന്റെ കാലത്ത് ചോര്‍ച്ച തുടര്‍ക്കഥയാണെന്ന് ആധാര്‍ വിവരങ്ങള്‍, തിരഞ്ഞെടുപ്പ് തീയതി, സിബിഎസ്‌ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തുടങ്ങിയവ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി പരിഹസിച്ചു. കാവല്‍ക്കാരന്‍ ദുര്‍ബലനായതാണ് സര്‍വതിലും ചോര്‍ച്ചയുണ്ടാവാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

‘എന്തൊക്കെ ചോര്‍ച്ചകളാണ്? ഡാറ്റ ലീക്ക്, ആധാര്‍ ലീക്ക്, എസ്‌എസ്‌സി പരീക്ഷാ ലീക്ക്, തിരഞ്ഞെടുപ്പ് വിവരങ്ങളുടെ ലീക്ക്, സിബിഎസ്‌ഇ ചോദ്യപ്പേപ്പര്‍ ലീക്ക്! എല്ലാറ്റിലും ലീക്ക് തന്നെയാണ്. കാവല്‍ക്കാരന്‍ വളരെ വീക്ക് ആണ്’- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പത്താം ക്ലാസ്, 12-ാം ക്ലാസ് പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സിബിഎസ്‌ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി ബിജെപി ഐടി ഘടകം അധ്യക്ഷന്‍ അമിത് മാളവ്യ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ചോര്‍ന്നതായുള്ള ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക സമിതിയെ നിയോഗിച്ച്‌ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *