രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന് വ്യാഴാഴ്ച തറക്കല്ലിടും

രാജ്യത്തെ ആദ്യബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും. അഹ്മദാബാദില്‍ നിന്നു മുംബൈ വരെയുള്ള സ്വപ്‌നപദ്ധതിക്ക് പ്രധാനമന്ത്രി മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്നാണ് അഹ്മദാബാദില്‍ തറക്കല്ലിടുക.

വ്യാഴാഴ്ച തുടക്കം കുറിക്കുന്ന രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിന്‍ ഗതാഗത മേഖലയില്‍ വിപ്ലവം കുറിക്കുമെന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു.

അഹ്മദാബാദില്‍ നിന്നു മുംബൈ വരെ 508 കിലോമീറ്റര്‍ നീളമുള്ള പദ്ധതിക്ക് 1,10,000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 50 വര്‍ഷത്തിനകം തിരിച്ച് നല്‍കണമെന്ന വ്യവസ്ഥയില്‍ 88,000 കോടി രൂപ ജപ്പാന്‍ നല്‍കും.

508 കിലോമീറ്ററിലെ 92 ശതമാനം പാതകളും തറനിരപ്പില്‍ നിന്ന് ഉയരത്തിലായിരിക്കും. ആറു ശതമാനം ടണലിലൂടെയും രണ്ടു ശതമാനം മാത്രം തറയിലൂടെയുമായിരിക്കും.

സൂപ്പര്‍സ്പീഡ് ട്രെയിനുകള്‍ 21 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രാജ്യത്തെ ഏറ്റവും നീളം കൂടിയ ടണലിലൂടെ സഞ്ചരിക്കും. അതില്‍ ഏഴു കിലോമീറ്റര്‍ സമുദ്രത്തിനടിയിലൂടെയായിരിക്കും.

റെയില്‍വേ ഉപദേശകന്‍ സുശാന്ത് മിശ്ര പറയുന്നത് ഏറെ കാര്യക്ഷമതയുള്ളതും അപകടസാധ്യത കുറഞ്ഞതുമാണ് ഈ പദ്ധതി. ടെക്‌നോളജി കൈമാറാനും ലോണ്‍ നല്‍കാനും ജപ്പാന്‍ ഏറെ തല്‍പരരായിരുന്നു. സബര്‍മതിയിലെ ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനം വ്യാഴാഴ്ച തന്നെ ആരംഭിക്കും. പദ്ധതിക്ക് വേി 825 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും.

മുംബൈ, താനെ, വിരാര്‍, ബോയ്‌സര്‍, വാപി, ബിലിമൊറ, സൂറത്ത്, ബാരൂച്ച്, വഡോദര, അനന്ദ്, അഹ്മദാബാദ്, സബര്‍മതി എന്നിങ്ങനെ 12 സ്‌റ്റേഷനുകളാണ് ഉദ്ദേശിക്കുന്നത്. അഹ്മദാബാദ്, വഡോദര, സൂറത്ത്, മുംബൈ എന്നീ നാല് സ്‌റ്റോപുകള്‍ മാത്രമാണെങ്കില്‍ 508 കിലോമീറ്റര്‍ രണ്ട് മണിക്കൂര്‍ ഏഴു മിനുറ്റു കൊണ്ട് ഓടിത്തീര്‍ക്കും.

മണിക്കൂറില്‍ 320 കിലോമീറ്റര്‍ മുതല്‍ 350 കിലോമീറ്റര്‍ വരെയായിരിക്കും ട്രെയിനുകളുടെ വേഗം. 12 സ്‌റ്റേഷനുകളിലും സ്‌റ്റോപ്പുകളുണ്ടെങ്കില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ രണ്ടു മണിക്കൂറും 58 മിനുറ്റും വേണ്ടി വരും. ഒരു ദിവസം 70 ട്രിപ്പുകളായിരിക്കും ഇരുസ്റ്റേഷനുകളില്‍ നിന്നുമായി ഉണ്ടായിരിക്കുക. 24 ട്രെയിനുകളും ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യുകയും മറ്റു സൗകര്യങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുകയും ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *