രാജ്യത്തെ മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നീറ്റ് യു ജിയില്‍ 1,563 വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഗ്രേസ് മാര്‍ക്ക് റദ്ദാക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഈ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷയെഴുതാനോ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയുള്ള സ്‌കോര്‍ സ്വീകരിക്കാനോയുള്ള അവസരം നല്‍കുമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ചിന് മുമ്പാകെ കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കാനു അഗര്‍വാള്‍ അറിയിച്ചു.
വീണ്ടും പരീക്ഷയെഴുതാന്‍ തീരുമാനിക്കുന്നവരുടെ നിലവിലെ സ്‌കോര്‍ റദ്ദാക്കും. പുനഃപരീക്ഷക്ക് ശേഷമുള്ളതായിരിക്കും ഇവരുടെ യഥാര്‍ഥ സ്‌കോര്‍. നീറ്റുമായി ബന്ധപ്പെട്ട വിവാദം പരിശോധിക്കാന്‍ രൂപവത്കരിച്ച സമിതിയുടെ നിര്‍ദേശ പ്രകാരമാണ് പദ്ധതി തയ്യാറാക്കിയതെന്നും കേന്ദ്രം വ്യക്തമാക്കി.

പുനഃപരീക്ഷ 23ന് നടത്തുമെന്നും ഫലം 30ന് പ്രസിദ്ധീകരിക്കുമെന്നും എന്‍ ടി എ കോടതിയെ അറിയിച്ചു. രാജ്യത്തെ മെഡിക്കല്‍ കോളജുകളിലെ ബിരുദ പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് അടുത്ത മാസം ആറ് മുതല്‍ ആരംഭിക്കും. എന്‍ ടി എ സമിതിയുടെ ശിപാര്‍ശകള്‍ ന്യായവും യുക്തവുമാണെന്ന് കോടതി നിരീക്ഷിച്ചു. ഇതനുസരിച്ച് പുനഃപരീക്ഷയുമായി മുന്നോട്ട് പോകാം. ഇതോടെ ഗ്രേസ് മാര്‍ക്ക് ചോദ്യം ചെയ്തുള്ള ഹരജികള്‍ ബഞ്ച് തീര്‍പ്പാക്കി.













