രക്ഷപ്പെടുത്താനുള്ള ശ്രമം അവസാന ഘട്ടത്തിലേക്ക് ; ഫ്രഞ്ച് കപ്പല്‍ അഭിലാഷിന്റെ അടുത്തെത്തി

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ അടുത്ത് ഫ്രഞ്ച് കപ്പല്‍ എത്തി. ഫ്രാന്‍സിന്റെ മത്സ്യബന്ധന പട്രോളിംഗ് കപ്പലായ ഓസിരിസാണ് അഭിലാഷിന്റെ അടുത്തെത്തിയത്. അഭിലാഷിനെ രക്ഷിക്കാന്‍ സോഡിയാക് ബോട്ടിറക്കി. ഇന്ത്യന്‍ നാവിക സേന വിമാനവും അഭിലാഷിന്റെ പായ്‌വഞ്ചിക്ക് മുകളിലെത്തി.

പായ്മരം ഒടിഞ്ഞുവീണ് മുതുകിന് ഗുരുതരമായി പരിക്കേറ്റ അഭിലാഷ് അനങ്ങാനാവാത്ത സ്ഥിതിയിലാണ്. ‘ഐസ് ടീ കാനുകളെടുക്കാനായി. അതുകുടിച്ചു. ഛര്‍ദി നില്‍ക്കുന്നില്ല. നെഞ്ചെരിയുന്നു’ എന്നാണ് അഭിലാഷ് അവസാനമയച്ച സന്ദേശമെന്ന് ഗോള്‍ഡന്‍ ഗ്ലോബിന്റെ റെയ്‌സിന്റെ (ജി.ജി.ആര്‍.) സംഘാടകര്‍ അറിയിച്ചിരുന്നു.
ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്നു 3500 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കു ഭാഗത്താണ് അപകടമുണ്ടായത്. അപകടസ്ഥലത്തിനടുത്തുള്ള ഇന്ത്യന്‍ കപ്പലായ ഐഎന്‍എസ് സത്പുരയ്ക്ക് വെള്ളിയാഴ്ചയോടെ മാത്രമെ അപകടസ്ഥലത്ത് എത്താനാകൂവെന്നും അതിനാലാണ് ഫ്രഞ്ച് കപ്പലിന്റെ സഹായം തേടിയതെന്നും ഇന്ത്യന്‍ നാവികസേന അറിയിച്ചിരുന്നു.

ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ‘ലെ സാബ്ലെ ദെലോന്‍’ തുറമുഖത്തുനിന്ന് ആരംഭിച്ച മല്‍സരത്തിന്റെ 83ാം ദിവസം, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൊടുങ്കാറ്റിലും കനത്ത തിരമാലകളിലുംപെട്ട് പായ്വഞ്ചി ‘തുരീയ’ തകര്‍ന്നുള്ള അപകടത്തില്‍ അഭിലാഷ് ടോമിക്ക് പരുക്കേറ്റിരുന്നു. ഇതിനകം 19,446 കിലോമീറ്റര്‍ താണ്ടിയ അഭിലാഷ് ടോമി മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു. 110 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റില്‍ 10 മീറ്ററോളം ഉയര്‍ന്ന തിരമാലകള്‍ക്കിടയില്‍പെട്ട് വഞ്ചിയുടെ 3 പായ്മരങ്ങളിലൊന്ന് തകരുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *