മ​ധു​വി​ന്‍റെ മ​ര​ണത്തില്‍ പ്ര​തി​ഷേ​ധം ശ​ക്തം: അ​ട്ട​പ്പാ​ടി​യി​ല്‍ ആം​ബു​ല​ന്‍​സ് ത​ട​ഞ്ഞു

അട്ടപ്പാടി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അട്ടപ്പാടിയില്‍ പ്രതിഷേധം ശക്തം. മധുവിനെ മര്‍ദിച്ചുകൊന്നവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാട് കടുപ്പിച്ച് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആംബുലന്‍സ് തടഞ്ഞു.

മൃതദേഹം ഇപ്പോള്‍ അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകാര്‍ പ്രകോപിതരായതോടെ തൃശൂരിലെത്തിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള നടപടികള്‍ അനന്തമായി നീളുകയാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നിരവധി ആദിവാസി സംഘടനകള്‍ രംഗത്തെത്തി. അഗളി ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധക്കാര്‍ വഴി തടയല്‍ സമരം ആരംഭിച്ചിട്ടുണ്ട്.മൃതദേഹം വിട്ടുകൊടുക്കാതെ ആശുപത്രി പരിസരം ആദിവാസികള്‍ വളയുകയാണ്. സബ് കളക്ടര്‍ ഇടപ്പെട്ട് സംഭവ സ്ഥാലത്ത് സമാധാന ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും പിന്തിരിയാന്‍ സമരക്കാര്‍ തയാറായിട്ടില്ല.

ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാര്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. കാട്ടിനുള്ളില്‍ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മര്‍ദ്ദിച്ചു. ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ഇയാള്‍ മോഷ്ടിച്ചതെന്ന് പറയുന്ന അരിയും മഞ്ഞള്‍ പൊടിയും പോലുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുവരികയും ചെയ്തു. നാട്ടുകാര്‍ ഏറെ നേരം മര്‍ദ്ദിച്ച ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പൊലീസ് എത്തി വാഹനത്തില്‍ കയറ്റിയപ്പോഴേക്കും മധു ഛര്‍ദ്ദിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *