മേഘാലയയില്‍ ‘മതം’ കാര്‍ഡാക്കി മോദി വോട്ട് തേടി

ഫുല്‍ബാരി(മേഘാലയ): ക്രസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മേഘാലയയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതം പറഞ്ഞ് വോട്ട് തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ല്‍ ഇറാഖില്‍ നിന്നും മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തിയത് ബി.ജെ.പി സര്‍ക്കാരാണെന്നും ആ നഴ്‌സുമാര്‍ എല്ലാവരും ക്രിസ്ത്യാനികളാണെന്നുമായിരുന്നു മോദിയുടെ വാദം. ഫുല്‍ബാരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മോദി മതം പറഞ്ഞ് വോട്ട് പിടിച്ചത്. മധ്യപ്രദേശില്‍ ക്രിസ്തു മത വിശ്വാസികള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളും ക്രിസ്ത്യന്‍ പള്ളി കത്തിച്ചതും ചൂണ്ടിക്കാട്ടി രാഹുല്‍ പ്രസംഗിച്ചതിന്റെ അടുത്ത ദിവസമായിരുന്നു മോദിയുടെ പ്രചാരണം.

ഇറാഖിലെ ഐസ്. ഭീകരരില്‍ നിന്ന് 46 മലയാളി നഴ്‌സുമാരെ മോചിപ്പിച്ചത് ഞങ്ങളാണ്. അവരെല്ലാം ക്രിസ്ത്യാനികളായിരുന്നു ആയിരുന്നു. 2015ല്‍ ഫാദര്‍ അലക്‌സിസ് പ്രേം കുമാറിനെ താലിബാന്‍ പിടികൂടിയയപ്പോള്‍ മോചനത്തിന് മുന്‍കയ്യെടുത്തതും ബി.ജെ.പി സര്‍ക്കാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പ്രതീക്ഷ കൈവിട്ടപ്പോഴും ഞങ്ങള്‍ പ്രതീക്ഷ കൈവിട്ടില്ല. ഒടുവില്‍ അദ്ദേഹത്തെ കുടുംബത്തില്‍ എത്തിച്ചു- മോദി പറഞ്ഞു.

മേഘാലയയില്‍ മാറ്റത്തിന് സമയമായിരിക്കുന്നു. മേഘാലയയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട വികസനങ്ങള്‍ ലഭ്യമാക്കാന്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്നും മോദി ജനങ്ങളോട് അഭ്യര്‍ഥിച്ചു.കോണ്‍ഗ്രസ് മേഘാലയയുടെ 50 വര്‍ഷങ്ങള്‍ പാഴാക്കിക്കളഞ്ഞിരിക്കുന്നു. നിങ്ങളെ സേവിക്കാന്‍ ബി.ജെ.പിക്ക് ഒരു അവസരം തരിക. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യവുമായി നല്ല ഭരണം ഉറപ്പുവരുത്തുമെന്നും മോദി വാഗ്ദാനം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *