മാഗി നൂഡില്‍സിന് വീണ്ടും കുരുക്ക്; യു.പിയില്‍ 45 ലക്ഷം പിഴ

ഗുണനിലവാര പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാഗി നൂഡില്‍സ് നിര്‍മാതാക്കളായ ബഹുരാഷ്ട്ര കമ്പനി നെസലെയ്ക്ക് ഉത്തര്‍പ്രദേശില്‍ 45 ലക്ഷം രൂപ പിഴ ചുമത്തി. ഷഹ്ജാന്‍പൂര്‍ ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയില്‍ മാഗിയില്‍ ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കമ്പനിയുടെ ആറുവിതരണക്കാര്‍ക്ക് 17 ലക്ഷവും രണ്ടു വില്‍പ്പനക്കാര്‍ക്ക് 11 ലക്ഷവുമാണ് ഷഹ്ജാന്‍പൂര്‍ ജില്ലാഭരണകൂടം പിഴയിട്ടത്.

പിഴ അടയ്ക്കുന്നതു സംബന്ധിച്ച അറിയിപ്പൊന്നും ഇതേവരെ ലഭിച്ചില്ലെന്നും വിധിക്കെതിര അപ്പീല്‍ നല്‍കുമെന്നും നെസ്‌ലെ കമ്പനി അധികൃതര്‍ വിശദീകരിച്ചു.

ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലാബ് പരിശോധനയില്‍ മാഗി പരാജയപ്പെട്ടിരുന്നു. 2016 നവംബറില്‍ ശേഖരിച്ച സാമ്പിളുകളായിരുന്നു പരിശോധനയ്ക്കായി എടുത്തത്.

ഇതിനുമുന്‍പും പലതവണയായി ഗുണനിലവാര പരിശോധനയില്‍ മാഗി പരാജയപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് രാജ്യവ്യാപകമായി മാഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് പല സംസ്ഥാനങ്ങളും വിലക്ക് പിന്‍വലിച്ചു. രാജ്യത്തെ അംഗീകൃത ലാബുകളില്‍ നിന്ന് അനുകൂല പരിശോധന ഫലങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മാഗി വീണ്ടും വില്‍പ്പനയ്ക്കായി എത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *