നോട്ട് നിരോധനത്തിനുശേഷം ബാങ്ക് അക്കൗണ്ടുകളിൽ 25 ലക്ഷത്തിലധികം രൂപയുടെ നിക്ഷേപം നടത്തിയവർക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. പണം നിക്ഷേപിച്ചശേഷം നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ 1.16 ലക്ഷം ആളുകൾക്കാണ് നോട്ടീസ് അയച്ചിട്ടുള്ളതെന്ന് സിബിഡിടി ചെയർമാൻ സുശീൽ ചന്ദ്ര അറിയിച്ചു. 30 ദിവസത്തിനുള്ളിൽ നികുതി ഒടുക്കി തുടർനടപടികളിൽനിന്ന് ഒഴിവാകാൻ സിബിഡിടി ആവശ്യപ്പെടുന്നു.
കൂടാതെ, വൻ നിക്ഷേപം നടത്തിയവരുടെ സാന്പത്തിക ഇടപാടുകൾ ആദായനികുതി വകുപ്പ് നിരീക്ഷിച്ചുവരികയാണ്. പഴയ നോട്ടുകൾ മാറിയെടുക്കുന്നതിനായി നിക്ഷേപം നടത്തിയവരെ കുടുക്കാനാണു കേന്ദ്രത്തിന്റെ ശ്രമം. 25 ലക്ഷത്തിനുമേൽ നിക്ഷേപം നടത്തിയവരെ കൂടാതെ, 10 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയിൽ നിക്ഷേപം നടത്തുന്നവർക്കു രണ്ടാം ഘട്ടമായി നോട്ടീസ് നൽകുമെന്നും സുശീൽ ചന്ദ്ര വ്യക്തമാക്കി.
23.22 ലക്ഷം ബാങ്ക് അക്കൗണ്ടുകളിലൂടെ 3.68 ലക്ഷം കോടി രൂപ നിക്ഷേപിച്ച 17.73 ലക്ഷം ഇടപാടുകൾ നിരീക്ഷിച്ചുവരികയാണെന്നും സിബിഡിടി ചെയർമാൻ അറിയിച്ചു.