മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ മഹീന്ദ്ര ടു വീലേഴ്സിൽ നിന്നുള്ള പുതിയ മോട്ടോർ സൈക്കിളായ ‘മോജൊ’ വിൽപ്പനയ്ക്കെത്തി. അഡ്വാൻസ്ഡ് ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ, ഇറിഡിയം സ്പാർക്ക് പ്ലഗ്, റെസൊണേറ്റർ ഫിറ്റഡ് ഇൻടേക്ക് സിസ്റ്റം, ഇരട്ട എക്സോസ്റ്റ് എന്നിവയെല്ലാമായി 300 സി സി എൻജിന്റെ കരുത്തോടെ എത്തുന്ന ബൈക്കിന്റെ പ്രാരംഭ വില 1.58 ലക്ഷം രൂപയാണ്(ഡൽഹി ഷോറൂമിൽ). സംഭരണശേഷിയേറിയ, 21 ലീറ്റർ പെട്രോൾ ടാങ്കും ബൈക്കിലുണ്ട്.
ആഗോള പങ്കാളികളുടെ സഹകരണത്തോടെ, ലോകോത്തര നിലവാരം കൈവരിച്ചു പൂർണമായും ആഭ്യന്തരമായി വികസിപ്പിച്ച ബൈക്കാണു ‘മോജൊ’യെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ പവൻ ഗോയങ്ക അറിയിച്ചു. തികഞ്ഞ ബൈക്കിങ് പ്രേമികളെയാണു ‘മോജൊ’യിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നും വാഹന വിദഗ്ധരിൽ നിന്നും ഇടപാടുകാരിൽ നിന്നും മികച്ച പ്രതികരണമാണു ലഭികുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.














